വീട്ടമ്മക്ക് കാവലായ് കെ.എസ്.ആര്‍.ടി.സി ബസ്ജീവനക്കാര്‍

2124

ഇരിങ്ങാലക്കുട : പുലര്‍ച്ചെ വിജനമായ സ്റ്റോപ്പില്‍ ബസിറങ്ങിയ വീട്ടമ്മക്ക് ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രേഗ്രാം മാനേജറുമായ റെജി തോമാസിനാണു ബസ് ജീവനക്കാര്‍ തുണയായത്. തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് മൈസൂരിലേക്ക് പോകുന്ന ബസില്‍ കയറിയ റെജി ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിപിള്ള കോളേജ് സ്‌റ്റോപ്പില്‍ ഇറങ്ങി. എന്നാല്‍ റെജിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സ്‌റ്റോപ്പില്‍ എത്തീയിരുന്നില്ല വിജനമായ സ്റ്റോപ്പില്‍ ആ സമയത്ത് ഒറ്റക്കു നിര്‍ത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭര്‍ത്താവ് വരുന്നതുവരെ ബസ് നിര്‍ത്തി കാത്തു നിന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ഡ്രൈവറോടും കണ്ടക്ടറോടും കാര്യം തിരക്കിയപ്പോള്‍ ഇവര്‍ കാര്യം പറഞ്ഞു. യാത്രക്കാരും ജീവനക്കാരും നടപടിയെ പിന്തുണച്ചു. പിന്നീടു പത്തു മിനിറ്റു കഴിഞ്ഞു ഭര്‍ത്താവെത്തി റെജിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണു ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നത്. സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും വീട്ടമ്മയെ പറഞ്ഞ സ്ഥലത്ത് ഇറക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ പേരുകള്‍ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമെ റെജിക്ക് അറിയുകയുള്ളൂ.

 

Advertisement