സ്വാകാര്യമേഖല സംവരണം- സർക്കാർ ആർജ്ജവം കാണിച്ചില്ല പ്രശോഭ് ഞാവേലി

124

ആളൂർ : മുൻ പ്രകടന പത്രിക വാഗ്ദാനമായ സ്വകാര്യമേഖലയിലെ സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ ആർജ്ജവം കാണിച്ചില്ലെന്ന് കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി പറഞ്ഞു . കെ.പി.എം.എസ് ആളൂർ യൂണിയൻ സമ്മേളനം ആളൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് ടി.വി.സിലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമവും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറഞ്ഞ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം പഠനം കൂടാതെ തിടുക്കത്തിൽ നടപ്പിലാക്കിയത് സംവരണ വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ ആസ്തികൾ ചെലവഴിച്ച് നടത്തുന്ന സ്വകാര്യമേഖലകളിൽ സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.സെക്രട്ടറി വി.കെ. ബാബു റിപ്പോർട്ടും ഖജാൻജി വി.കെ. സുമേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ്. പ്രസിഡന്റ് പി.എ.അജയഘോഷ് സംഘടന സന്ദേശം നൽകി. പഞ്ചമി ജില്ല കോർഡിനേറ്റർ ബാബു തൈവളപ്പിൽ ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്ഥാന സമിതി അംഗം പി.ൻ. സുരൻ വരണധികാരിയായിരുന്നു. പി.സി. പരമേശ്വരൻ (പ്രസിഡന്റ്), സി.കെ. ഉണ്ണികൃഷ്ണൻ , തങ്കമണി പരമു ( വൈസ് പ്രസിഡണ്ട് ) വി.കെ. സുമേഷ് (സെക്രട്ടറി) പി സി കരുണൻ ,പി കെ. ഉണ്ണികൃഷ്ണൻ (അസിസ്റ്റന്റ് സെക്രട്ടറി) വി.കെ. ബാബു (ഖജാൻജി ) എന്നിവരെ ഭാരവാഹികളായി 26 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.പി.സി. കരുണൻ സ്വാഗതവും ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു ശേഷം സുഹൃദ് സമ്മേളനവും നടന്നു.

Advertisement