ഇരിങ്ങാലക്കുട :നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെഎസ്ആർടിസി ഡിപ്പോ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമവണ്ടി പോലുള്ള പദ്ധതികൾ പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെ ചെയ്യാനാകുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ നിന്നുള്ള മലക്കപ്പാറ, മൂന്നാർ, വയനാട് തുടങ്ങി വിനോദ കേന്ദ്രങ്ങളിലേയ്ക്കുള്ള സർവീസിനും പമ്പ സ്പെഷ്യൽ യാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ പൊതുമരാമത്ത് എഇഇ റാബിയ പിപി റിപ്പോർട്ട് അവതരിപ്പിച്ചു. എറണാകുളം സോണൽ ഓഫിസർ കെടി സെബി, വാർഡ് കൗൺസിലർ അമ്പിളി ജയൻ, കെഎസ്ആർടിസി ഇൻസ്പെക്ടർ ഇൻചാർജ് കെഎസ് രാജൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയിൽ 15 ലക്ഷം രൂപയുടെ ഡിപ്പോ റോഡ് ഉദ്ഘാടനം ചെയ്തു
Advertisement