സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്ന കർമ്മപദ്ധതിയുമായി യോദ്ധാവ്

41

ഇരിങ്ങാലക്കുട:മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് യോദ്ധാവ്.സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം.യോദ്ധാവ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള റെസിഡൻസ് അസോസിയേഷനുകളുടെ പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചുചേർത്തു. യോഗത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസ് നിർവഹിച്ചു. ജനമൈത്രിസമിതി അംഗം പി.ആർ. സ്റ്റാൻലി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് ഇരിങ്ങാലക്കുട എസ് എച്ച് ഒ അനീഷ് കരീം സ്വാഗതവും സമിതിയംഗം സുഭാഷ് കെ എൻ നന്ദിയും രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്സ് എസ്സ്.ഐ. ജോർജ് .കെ.പി. നയിച്ചു. പദ്ധതി വിശദീകരണം സമിതിയംഗം അഡ്വ.കെ.ജി. അജയകുമാർ നിർവ്വഹിച്ചു. സമിതിയംഗവും മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി ആശംസയർപ്പിച്ചു.പദ്ധതി പ്രവർത്തനങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരായ രാഹുൽ , സുഭാഷ്, രാജേഷ് എന്നിവരും സമിതിയംഗങ്ങളായ എ.സി.സുരേഷ്, ഫിറോസ് , സുനിൽ എന്നിവരും നേതൃത്വം നൽകി. യോഗത്തിൽ ഏകദേശം മുപ്പതോളം റെസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികളും സമിതിയംഗങ്ങളും പങ്കെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ അതിർത്തിയായ കരുവന്നൂർ മുതൽ കരൂപ്പടന്ന വരെയുള്ള വിവിധങ്ങളായ റെസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികൾ അവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മിറ്റിയിൽ അറിയിക്കുകയുമുണ്ടായി.

Advertisement