ഇരിങ്ങാലക്കുട ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11(1) വിജ്ഞാപനം പുറത്തിറങ്ങി

177

ഇരിങ്ങാലക്കുട: ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം അടുത്ത ഘട്ടത്തിലേക്ക്: ഡോ. ആർ ബിന്ദുഇരിങ്ങാലക്കുടയുടെ ദീർഘകാല വികസന സ്വപ്നമായ ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വിപുലീകരണത്തിലേക്ക് ഒരു സുപ്രധാന കാൽവെപ്പു കൂടി പൂർത്തീകരിച്ചു. ജംഗ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11 (1) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ഘട്ടമായി ഭൂമിയുടെ സർവ്വെ നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മാനവലശ്ശേരി വില്ലേജുകളിൽ പെട്ട 0.7190 ഹെക്ടർ ഭൂമിയാണ് ഠാണ – ചന്തക്കുന്ന് ജംഗ്‌ഷൻ വികസനത്തിനായി ഏറ്റെടുക്കുന്നത്. ആരംഭിച്ച് ഒരാഴ്ചക്കകം സർവ്വെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ‘ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള അവകാശനിയമ’ത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഈ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ളതാണ് വിജ്ഞാപനം. പൊന്നും വിലക്കെടുക്കുവാൻ തീരുമാനിച്ച ഭൂമിയിൽ രേഖകൾ സംബന്ധിച്ചും ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുള്ളവർക്ക് നിശ്ചിത തിയ്യതിക്കകം അവ സമർപ്പിക്കാൻ സമയം നൽകി. ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്കാരിക മേഖലകളുടെ വളർച്ചക്ക് പദ്ധതി ആക്കം കൂട്ടുമെന്ന് വിജ്ഞാപനത്തിന് അനുബന്ധമായ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. കാലാകാലങ്ങളായി പ്രദേശത്തുകാർ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും വികസനമാന്ദ്യത്തിനും ഇത് ശാശ്വത പരിഹാരമാകും. പദ്ധതിപ്രദേശത്ത് ജലസ്രോതസ്സുകൾ, വനം, കുന്ന് എന്നിവയില്ലാത്തതിനാൽ വിപുലമായ പ്രകൃതി ആഘാതപഠനം വേണ്ടതില്ലെന്ന് സാമൂഹ്യ പ്രത്യാഘാത പഠനറിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്മേലുള്ള വിദഗ്ധസമിതിയുടെ ശുപാർശ ജില്ലാഭരണകൂടം അംഗീകരിച്ചതിനെത്തുടർന്നാണ് വിജ്ഞാപനം.

Advertisement