ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ താമര കഞ്ഞി കഴിക്കാന്‍ എത്തിയത് നൂറ്കണക്കിന് ഭക്തജനങ്ങള്‍

90

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരകഞ്ഞി കഴിക്കാന്‍ എത്തിചേര്‍ന്നത് നൂറ്കണക്കിന് ഭക്തജനങ്ങളാണ്. പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ അച്ചാര്‍, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേരപൂള്, പഴം,മാമ്പഴ പുളിശ്ശേരി എന്നിവയും താമര കഞ്ഞിയുടെ ഭാഗമായി ഉണ്ടായിരുന്നു.തെക്കേഊട്ടുപുരയില്‍ നടന്ന താമര കഞ്ഞി ആഘോഷത്തില്‍ നൂറ് കണക്കിന് ഭക്ത ജനങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ 40 വര്‍ഷത്തിനുമപ്പുറം എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നുവന്നിരുന്ന ഒന്നാണ് ക്ഷേത്രത്തിലെ താമര കഞ്ഞി.ക്ഷേത്രത്തിലെ പ്രധാന മാലകഴകക്കാരായ തെക്കേവാര്യത്തുകാരുടെ പൂര്‍വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുളള കഞ്ഞി എന്ന നിലയിലാണ് താമരക്കഞ്ഞി പ്രസിദ്ധമായത്.ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ്. ഏത് പ്രവൃത്തിയുടെയും വിജയത്തിനും മംഗളപ്രാപ്തിക്കും കൂടല്‍മാണിക്യം ഭഗവാന് പ്രിയപ്പെട്ട താമരമാല ചാര്‍ത്തിക്കുക എന്നത് പണ്ടേ പ്രസിദ്ധമായി അറിയപ്പെട്ടിരുന്നു.താമര സമൃദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗക്കുന്നതിനുമായി ചെമ്മണ്ട എന്ന സ്ഥലത്ത് ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ പ്രദേശം ക്ഷേത്രകഴകക്കാരായ തെക്കേവാര്യത്തേക്ക് അവകാശം കൊടുക്കുകയും ചെയ്തിരുന്നു.തെക്കേവാര്യത്തെ ജ്യോതിഷി ഈശ്വര വാര്യര്‍, ശങ്കരന്‍ കുട്ടി വാര്യര്‍ എന്നിവര്‍ കുറെ അമ്പലവാസികളെയും കൂട്ടി ചെന്ന് വഞ്ചിയില്‍ സഞ്ചരിച്ച് പൂക്കള്‍ പറിച്ച് തലച്ചുമടായും സൈക്കിളിലുമാണ് ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത്. ദേവപ്രീതിക്കായി അമ്പലവാസികള്‍ പ്രതിഫലം ആഗ്രഹിക്കാതെയായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാം ഒത്തുചേരുകയും എല്ലാവരേയും സന്തോഷവന്‍മാരും സംതൃപ്തരുമാക്കി താമരക്കഞ്ഞിയും മറ്റ് വിഭവങ്ങളും ഒരുക്കി തെക്കേഊട്ടുപുരയില്‍ എല്ലാ വര്‍ഷവും വിഷുതലേന്ന് വിതരണം ചെയ്യുകയും പതിവായിരുന്നു.

Advertisement