ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അപകടമരണത്തില്‍ പ്രതിഷേധിച്ച് ബസ് സ്റ്റാന്റ് ഉപരോധിച്ച് വിദ്യാര്‍ത്ഥിനികള്‍

55

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിയായ ലയ ഡേവീസ് എന്ന അംഗപരിമിതിയുള്ള വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം കരുവന്നൂരില്‍ വെച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ മരണപാച്ചില്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഉപരോധിച്ചു.കോളേജില്‍ നടന്ന അനുശോചന യോഗത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ മൗനജാഥയായാണ് ബസ് സ്റ്റാന്റിലേയ്ക്ക് എത്തിയത്.കറുത്ത ബാഡ്ജ് ധരിച്ചും ലയയുടെ ചിത്രം പതിച്ച ബാനറുകളും ഉയര്‍ത്തിയാണ് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധിച്ചത്.നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്ലകാര്‍ഡുകളുമായി ജാഥയില്‍ പങ്കെടുത്തത്.തുടര്‍ന്ന് ബസ് സ്റ്റാന്റിന്റെ പ്രധാന കവാടം പൂര്‍ണ്ണമായും തടസ്സപെടുത്തി വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.റൂട്ടിലെ ബസ്സുകളുടെ മത്സരയോട്ടവും മരണപാച്ചിലും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ 30 മിനിറ്റ് സമയത്തോളം ബസ് സ്റ്റാന്റ് ഉപരോധിച്ചു.തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. തൃശ്ശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറില്‍ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിയുകയും യാത്രികരായിരുന്ന വല്ലച്ചിറ പഞ്ചായത്തിലെ കടലാശ്ശേരി ഇളംകുന്ന് കുറുവീട്ടില്‍ ഡേവീസും മകള്‍ ലയയും മറഞ്ഞ് വീഴുകയുമായിരുന്നു. ലയ റോഡിലേയ്ക്കും ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കും വീണെന്നും ലയയുടെ ശരീരത്തിലൂടെ ബസ് കയറിയെന്നും നാട്ടുക്കാര്‍ പറയുന്നു.അപകടം നടന്നയുടനെ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് നാട്ടുക്കാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ഗുരുതര പരിക്കേറ്റ ലയയുടെ(22) ജീവന്‍ രക്ഷിക്കാനായില്ല.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ലയ.കോളേജില്‍ ആര്‍ട്ട് ഡേ ആയിരുന്നു. തനിച്ച് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ലയയുടെ പിതാവാണ് എന്നും കോളേജില്‍ കൊണ്ടാക്കിയിരുന്നത്.

Advertisement