മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

91

ഇരിങ്ങാലക്കുട :സഹകരണ ബാങ്കുകളിൽ സ്വർണ്ണമെന്നു പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസ്സിൽ പ്രധാന പ്രതി അറസ്റ്റിലായി.മണ്ണുത്തി പട്ടാളക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ സി.ബി. സിബിൻ അറസ്റ്റു ചെയ്തത്. സമീപകാലത്ത് പല സ്ഥലങ്ങളിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഭവങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. റിയാസിന്റെ സംഘം പല തവണയായി ഇരുന്നൂറു ഗ്രാമോളം മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചു ലക്ഷത്തി അറുപത്തി മുവ്വായിരം രൂപ തട്ടിച്ചെടുത്തതിന് ആളൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റിയാസ് മുൻപ് പല കേസുകളിലും പ്രതിയാണ്. ഒറ്റ നോട്ടത്തിൽ സ്വണ്ണമെന്നു തോന്നിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഈ ആഭരണങ്ങളിൽ സ്വർണ്ണത്തിന്റെ അംശം കുടുതൽ ആയിരിരിക്കും. കൂടാതെ സ്വർണ്ണാഭരണങ്ങളുടേതു പോലെ വലുപ്പത്തിന് അനസരിച്ചുള്ള തൂക്കവും ഇതിനുണ്ടാകും. അതുകൊണ്ട് പ്രഥമിക പരിശോധനയിൽ ആഭരണം മുക്കുപണ്ടമെന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഇവർ വേറെയും സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. ഈ കേസ്സിലെ കൂട്ടു പ്രതി പട്ടേപ്പാടം ചീനിക്കാപ്പുറത്ത് ഷാനു (39 വയസ്സ്) ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ അറസ്റ്റിലായിരുന്നു. വെള്ളാങ്ങല്ലൂരിൽ ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ചതിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിയാസും, ഷാനുവും കൂടാതെ വെള്ളാങ്ങല്ലൂർ സ്വദേശി അജ്മലും പ്രതിയാണ്. ഇവർ അറസ്റ്റിലായതോടെ റിയാസ് മുങ്ങി നടക്കുകയായിരുന്നു. പല ഫോൺ നമ്പറുകൾ മാറി മാറി ഉപയോഗിച്ചു വന്നിരുന്നെങ്കിലും ഇന്നലെ രാത്രി മണ്ണുത്തിക്കടുത്തു വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് റോബറി കേസിലും റിയാസ് പ്രതിയാണ്. ഇയാളെ റിമാന്റ് ചെയ്തു. എസ്.ഐ. കെ. എസ് സുബിന്ത് , എം.കെ.ദാസൻ സീനിയർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, സോണി സേവ്യർ, സൈബർ വിദഗ്ദരായ പി.വി.രജീഷ്, മനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement