നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി

74

കരുവന്നൂര്‍: നിര്‍മ്മാണത്തിനിടയില്‍ ഇടിഞ്ഞ പുത്തന്‍തോട് കനാല്‍ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കുമെന്ന് കെ.എല്‍.ഡി.സി. വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇടിഞ്ഞുപോയ ഭാഗത്തെ മണ്ണിന്റെ സാന്ദ്രത പരിശോധിക്കുന്നതിനായി അടുത്ത ദിവസം ഫയലിങ്ങ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും പൊളിച്ചുനീക്കി അതേകരാറുകാരനെ കൊണ്ടുതന്നെ ആദ്യംമുതല്‍ തന്നെ വീണ്ടും നിര്‍മ്മിക്കാനാണ് തീരുമാനം. ഇടിഞ്ഞ ഭാഗത്ത് പരിശോധിച്ചപ്പോള്‍ താഴെ മണ്ണാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ അതിന്റെ സാന്ദ്രത പരിശോധിക്കേണ്ടതായിട്ടുണ്ട്. അതിനുശേഷം പ്രവര്‍ത്തികള്‍ പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പുത്തന്‍തോട് പാലത്തിന് പടിഞ്ഞാറു ഭാഗത്ത് മൂര്‍ക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള തെക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കെ.എല്‍.ഡി.സി. കരിങ്കല്ലുപയോഗിച്ച് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തികളാണ് പൂര്‍ത്തിയാകും മുമ്പെ ആഗസ്റ്റ് 13ന് മണ്ണടക്കം താഴേയ്ക്കിരുന്നത്. 2018ലെ പ്രളയത്തിലും 2019ലും 2020ലേയും കാലവര്‍ഷത്തിലും ബണ്ട് റോഡിന്റെ അരികുകള്‍ ഇടിഞ്ഞിരുന്നു. വര്‍ഷം തോറും കാലവര്‍ഷങ്ങളില്‍ ബണ്ട് റോഡ് ഇടിഞ്ഞുപോകുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ.എല്‍.ഡി.സി. രണ്ടിടത്തായി 50 മീറ്ററില്‍ കരിങ്കല്ലുപയോഗിച്ച് റോഡിന് സംരക്ഷണഭിത്തി കെട്ടിയിരുന്നത്. മഴയ്ക്ക് മുമ്പെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടേയും ജൂണിനുമുമ്പെ പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കണമെന്ന മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും മൂലം പെട്ടന്ന് പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറിയ തുകയ്ക്കുള്ള പ്രവര്‍ത്തിയായതിനാല്‍ ടെണ്ടറും റീ ടെണ്ടറും നടത്തിയിട്ടും പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ആളില്ലായിരുന്നു. പിന്നീട് ക്വട്ടേഷന്‍ വെച്ചാണ് കരാറുകാരനെ നിശ്ചയിച്ച് പ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ പ്രവര്‍ത്തികള്‍ തുടങ്ങുന്ന സമയത്ത് കനാലില്‍ വെള്ളം നിറഞ്ഞുകിടന്നിരുന്നതിനാല്‍ മണ്ണ് പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ മണല്‍ചാക്കുകള്‍ കുറച്ച് നിറച്ച് ഇട്ടിട്ടുണ്ട്. കനാലില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ അടുത്തദിവസം തന്നെ ഫയലിങ്ങ് നടത്തി നോക്കിയതിന് ശേഷം പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement