ഇരിങ്ങാലക്കുട: തൃശൂര്‍ കോര്‍പ്പറേഷനിലെ ആദ്യ വനിതാ മേയര്‍, ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ എന്നീ ചരിത്ര വിശേഷണങ്ങള്‍ നേടിയ ഇരിങ്ങാലക്കുടക്കാരി പ്രൊഫ ആര്‍. ബിന്ദു മന്ത്രിസഭയിലേക്ക്. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചപ്പോള്‍ സ്വപ്നതുല്യമായ പദവിയാണ് ബിന്ദുവിനെ കാത്തിരുന്നത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് പഠനകാലം മുതല്‍ പഠനത്തിലും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലയിലും സാഹിത്യത്തിലും അസാമാന്യ മികവു തെളിയിച്ച വ്യക്തിയാണ് ആര്‍. ബിന്ദു. സ്‌ക്കൂള്‍ പഠനകാലത്ത് യുവജനോത്സവങ്ങളില്‍ നൃത്ത ഇനത്തിലും കഥകളി , കഥാരചന, കവിതാരചന എന്നി ഇനങ്ങളിലും തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടിയിരുന്നു. സിപിഎം ഇരിങ്ങാലക്കുട മുന്‍ ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷ്ണല്‍ ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമായ പരേതനായ എന്‍. രാധാകൃഷ്ണനാണു പിതാവ്. അമ്മ കെ.കെ. ശാന്തകുമാരി മണലൂര്‍ ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ്, കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംഗ്ലീഷ്, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫില്‍, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷക്കാലം യൂണിയന്‍ ഭാരവാഹിയായിരുന്നു. കഥകളി, കഥാരചന, എന്നീ ഇനങ്ങളില്‍ അഞ്ചുവര്‍ഷം യൂണിവേഴ്‌സിറ്റി ജേതാവുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിന്റിക്കേറ്റംഗം. കേരളവര്‍മ്മ കോളേജിലെ ജോലിയെ തുടര്‍ന്ന് തൃശ്ശൂരില്‍ സ്ഥിരതാമസമാക്കിയ ബിന്ദു 2000ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പൂത്തോള്‍ ഡിവിഷനില്‍നിന്നും കാണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും എകെപിസിടിഎ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗവുമാണ്. സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കൌണ്‍സില്‍ അംഗം, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, സര്‍വൃശിക്ഷാ അഭിയാന്‍ സംസ്ഥാന സമിതി അംഗം, സംസ്ഥാന പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ 2006-11 ല്‍ മേയറും 10 വര്‍ഷം കൗണ്‍സിലറുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്‍വീനറായിരുന്ന ബിന്ദു, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. സര്‍വകലാശാല സെനറ്റംഗമായും പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ഭര്‍ത്താവ്. മകന്‍ വി. ഹരികൃഷ്ണന്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്. 1957 ല്‍ ജന്മംകൊണ്ട നിയോജകമണ്ഡലമായ ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച് സി. അച്യുതമേനോന്‍ ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയും രണ്ടു തവണ മുഖ്യമന്ത്രിയും ആയിട്ടുണ്ട്. ലോനപ്പന്‍ നമ്പാടന്‍ ഗതാഗതം, ഭവന നിര്‍മാണം എന്നീ വകുപ്പുകളുടെ മന്ത്രിയായപ്പോഴും ഇരിങ്ങാലക്കുട മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുടയിലെ ആദ്യ വനിതാ എംഎല്‍എ പ്രൊഫ ആര്‍. ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി;കലയും സാഹിത്യവും രാഷ്ട്രീയവും സമന്വയിപ്പിച്ച വ്യക്തിത്വം
Advertisement