ഇരിങ്ങാലക്കുട:സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അധ്യാപകൻ ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് അവാർഡ്. കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പുരസ്‌കാരം സമ്മാനിച്ചു. അൻപതിനായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്.ചടങ്ങിൽ വച്ച് ഈ വർഷം മുതൽ ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ക്രൈസ്റ്റ് ഗ്രീൻ നേച്ചർ അവാർഡ് സി എം ഐ സഭയുടെ വിദ്യാഭ്യാസ കൗൺസിലർ ഫാ. മാർട്ടിൻ മള്ളത്ത് ചാലക്കുടി കാർമ്മൽ ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ചു. പരിസ്‌ഥിതി സംരക്ഷണം, വൃക്ഷ പരിപാലനം ബോധവൽക്കരണം എന്നിവയിൽ മികച്ച സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് ക്രൈസ്റ്റ് ഗ്രീൻ നേച്ചർ അവാർഡ്.ക്രൈസ്റ്റ് കോളേജിൽ പുതുതായി പണികഴിപ്പിച്ച ഫിസിക്കൽ എഡ്യൂക്കേഷൻ ബ്ലോക്കിന്റെയും നവീകരിച്ച ഫിസിക്സ് ലാബിന്റെയും പുതിയ ഐ ക്യു എ സി ഓഫീസിന്റെയും പുതുതായി തുടങ്ങിയ പഞ്ചവത്സര ജിയോളജി കോഴ്സിന്റെയും ഉൽഘാടനം വൈസ് ചാൻസലർ നിർവഹിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷനായിരുന്നു. സി എം ഐ സഭയുടെ വിദ്യാഭ്യാസ കൗൺസിലർ ഫാ. മാർട്ടിൻ മള്ളത്ത് ആശംസകൾ അറിയിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും ജനറൽ കണ്‌വീനർ ഡോ. കെ വൈ ഷാജു നന്ദിയും പറഞ്ഞു.
ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. ജിജിമോൻ കെ തോമസ് ഏറ്റുവാങ്ങി
Advertisement