കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു

68

ഇരിങ്ങാലക്കുട: മുന്‍ എം.എല്‍.എ.യുടെ കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റാണ് കാലങ്ങളായി കത്താതെ നില്‍ക്കുന്നത്. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഗവ. ചീഫ് വിപ്പായായിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും തുകയെടുത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതായതോടെ ലൈറ്റ് തന്നെ കെട്ടുപോയി. മുനിസിപ്പാലിറ്റിയാണ് ലൈറ്റ് അറ്റകുറ്റപണികള്‍ നടത്തേണ്ടത്. എന്നാല്‍ ലൈറ്റ് സ്വകാര്യഭൂമിയില്‍ വെച്ചിരിക്കുന്നതിനാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭ പറയുന്നത്. ലൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ദേവസ്വം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ റോഡില്‍ ഹൈമാസ്റ്റ് സ്ഥാപിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നാണ് അത് കൊട്ടിലാക്കല്‍ പറമ്പില്‍ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വൈകുന്നേരങ്ങളില്‍ നിരവധി ആളുകളാണ് ക്ഷേത്ര ദര്‍ശനത്തിനും നടയിലെ ആല്‍ത്തറകളില്‍ വിശ്രമിക്കാനുമായി എത്തുന്നത്. ഈ മാസം അവസാനത്തില്‍ കൂടല്‍മാണിക്യം ഉത്സവം തുടങ്ങും. പല്ലാവൂര്‍ വാദ്യകലാസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന തായമ്പകോത്സവവും കിഴക്കെ നടയിലാണ് സംഘടിപ്പിക്കുന്നത്. ഈ സാഹചര്യയത്തില്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്തി ലൈറ്റ് തെളിയിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement