കാട്ടൂർ ഗവ:ഹൈസ്കൂളിനും ഇനി ഹൈടെക്ക് കെട്ടിടം

103

കാട്ടൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടൂർ ഹൈസ്കൂൾ ഹൈടെക്ക് കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 1.53കോടി രൂപ വിനിയോഗിച്ചു പണിയുന്ന കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണൻ മാസ്റ്റർ നിർവഹിച്ചു.ഭരണാനുമതി ലഭിച്ചു 3 വർഷത്തോളം പിന്നിട്ട പദ്ധതി പ്രാദേശിക എതിർ വാദങ്ങളെയും സാങ്കേതിക ബുദ്ധിമുട്ടിനേയും തുടർന്ന് അകാലമായി നീണ്ടു പോകുകയായിരുന്നു.തുടർന്ന് എംഎൽഎ നേരിട്ട് വിദ്യാഭ്യാസ ഡയറക്ടർ മുഖാന്തിരം ഇടപെടൽ നടത്തുകയായിരുന്നു.ഇതിന്റെ ഭാഗമായി എംഎൽഎ യുടെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഉപജില്ല മേധാവിയും പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രനും ചേർന്ന് സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിലൂടെ പിടിഎ അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരിപൂർണ്ണ സഹകരണം ഉറപ്പ് വരുത്തുകയായിരുന്നു.തുടർന്ന് പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കുകയും സാങ്കേതിക അനുമതിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.സാങ്കേതിക അനുവദി ലഭിച്ചതോടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും നിർമ്മാണത്തിനുള്ള എല്ലാ വിധ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ വളരെ ശോചനീയാവസ്ഥയിലായിരുന്ന ഒരു സ്‌കൂളിന് കൂടി ഇതോടെ ശാപമോക്ഷം ലഭിച്ചിരിക്കുകയാണ്. ഹയർ സെക്കണ്ടറി അങ്കണത്തിൽ വെച്ച് ഇരിങ്ങാലക്കുട എംഎൽഎ അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഇരു വിഭാഗത്തിലേയും പ്രധാന അധ്യാപകർ, അധ്യാപകർ,അനധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement