ഇരിങ്ങാലക്കുട :മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജലജീവൻ മിഷൻ പദ്ധതിക്ക് പൂരകമായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട പുതിയ സാഹചര്യമുള്ളതിനാൽ പ്രസ്തുത പദ്ധതിയിൽ ഇരിങ്ങാലക്കുട നഗരസഭയെക്കൂടെ ചേർത്ത് മുരിയാട് – വേളൂക്കര പഞ്ചായത്തുകൾക്കും ഇരിങ്ങാലക്കുട നഗരസഭക്കും വേണ്ടിയുള്ള സമഗ്ര ശുദ്ധജല പദ്ധതി എന്നാക്കുന്നതിനു തീരുമാനിച്ചു. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഉത്പാദന ഘടകത്തിനായി 6068 ലക്ഷം രൂപയും, വിതരണ ശ്രഘലക്കും എല്ലാ വീടുകളിലേക്കുമുള്ള കുടിവെള്ള കണക്ഷന് വേണ്ടി 5509 ലക്ഷം രൂപയും മൊത്തം 11577 ലക്ഷം രൂപയുമാണ് വേണ്ടി വരിക. ഇതിനായി 2020 -21 വർഷത്തിലെ കേരള സംസ്‌ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള 8500 ലക്ഷം രൂപക്ക് പുറമെ വരുന്ന സംഖ്യ ജല ജീവൻ മിഷനിൽ നിന്നും കണ്ടെത്തും. ഈ പദ്ധതിയുടെ സ്രോതസ്സ് കരുവന്നൂർ പുഴയിലെ 12 എം വ്യാസമുള്ള പുതിയ കിണറും പമ്പ് ഹൗസുമായിരിക്കും.18 മില്യൺ ലിറ്ററിന്റെ ജലശുദ്ധീകരണ ശാല ഇരിഞ്ഞാലക്കുട നഗരസഭയിലെ മാങ്ങാടിക്കുന്നും,12 ലക്ഷം ലിറ്ററിന്റ ജല സംഭരണികൾ മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലും 22 ലക്ഷം ലിറ്ററിന്റെ ജല സംഭരണി ഇരിഞ്ഞാലക്കുട നഗരസഭയിലും ഉണ്ടായിരിക്കും. പമ്പിങ് മെയിനായി 5800 എം എം 600 എം എം വ്യാസമുള്ള D I K9 റോ വാട്ടർ പമ്പിങ് മെയിനും, ട്രാൻസ്മിഷൻ മെയിനായി 450 എം എം മുതൽ 300 എം എം വ്യാസമുള്ള 14275 മീറ്റർ പൈപ്പ് ലൈനുമാണ് ഉപയോഗിക്കുക. വിതരണ ശ്രഘലാക്കായി മുരിയാട് പഞ്ചായത്തിൽ 137.035 കിലോമീറ്റർ പൈപ്പും, വേളൂക്കര പഞ്ചായത്തിൽ 216.047 കിലോമീറ്റർ പൈപ്പ് ലൈനും സ്‌ഥാപിക്കണം. കൂടാതെ മുരിയാട് പഞ്ചായത്തിലും വേളൂക്കര പഞ്ചായത്തിലും കണ്ടെത്തിയിട്ടുള്ള സ്‌ഥലങ്ങൾ വാട്ടർ അതോറിട്ടിക്ക് വിട്ടു കൊടുക്കാനും യോഗത്തിൽ തീരുമാനമായി. ഇരിങ്ങാലക്കുട പി. ഡബ്ല്യൂ. ഡി റസ്റ്റ് ഹൌസിൽ വച്ച് ചേർന്ന യോഗത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ധനീഷ്, കേരള വാട്ടർ അതോറിറ്റി നാട്ടിക പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. ബി. ബിന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. പി. പ്രസാദ്, അസിസ്റ്റന്റ് എഞ്ചിനീയർ ടി. എസ്. മിനി എന്നിവർ പങ്കെടുത്തു.
മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു
Advertisement