ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി

79

ഇരിങ്ങാലക്കുട :2020 — 21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഉൾപെടുത്തിയിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഠാണാ — ചന്തക്കുന്ന് റോഡിന്റെ വികസന പ്രവർത്തിക്കായ് 32 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു അരുണൻ എം. എൽ. എ അറിയിച്ചു. കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്‌ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി. എം. ബി. സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. വികസനത്തിനായി ഏകദേശം 160 സെന്റ് സ്‌ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനായുള്ള സർവ്വേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്ങ്, റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്‌ഥാപിക്കും. വികസന പ്രവർത്തിയുടെ ഭാഗമായി കെ. എസ്. ഇ. ബി. പോസ്റ്റുകൾ, ബി. എസ്. എൻ. എൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ പ്രവർത്തിയുടെ പണികൾ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടുണ്ടെന്നും എം. എൽ. എ. പറഞ്ഞു.

Advertisement