ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി

78

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്സിൻ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9മണിയോടെ എത്തിയ വാക്സിൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. എം. എം മിനിമോൾ എന്നിവർ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ കെ. യു അരുണൻ സ്ഥലം സന്ദർശിച്ചു. മദർ ആൻഡ് ചൈൽഡ് വിഭാഗം കെട്ടിടത്തിലാണ് വാക്സിന്‍ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന 2 ഒപികൾ താൽക്കാലികമായി
കെട്ടിടത്തിലെ മറ്റൊരിടത്തേക്ക് മാറ്റി. വാക്സിൻ സൂക്ഷിക്കാനുള്ള ഐസ് ലാൻഡ് റഫ്രിജറേറ്റർ നിലവിൽ ആശുപത്രിയിൽ ഉണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന പട്ടിക പ്രകാരമാണ് വാക്സിൻ നൽകുന്നത് .നഗരസഭ അതിർത്തിയിലെ ആശുപത്രികൾ, ക്ലനിക്കുകൾ, ലാബുകൾ തുടങ്ങിയവയിലെ ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. പൊറത്തിശ്ശേരി മേഖലയിലെ പട്ടികയിലുള്ളവർക്കും ജനറൽ ആശുപത്രിയിൽ വാക്സിന്‍ നൽകും.രാവിലെ 9 മുതൽ 5 വരെയായിരിക്കും വാക്സിന്‍ നൽകുക. ഡോ. ബിജുവാണ് നോഡൽ ഓഫിസർ. നിലവിലെ പട്ടികയിലുള്ളവർക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ 20 ദിവസമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എം.മിനിമോൾ പറഞ്ഞു.

Advertisement