കോന്തിപുലംപാടം തടയണ ശാസ്ത്രീയമായി നിർമ്മിച്ച് കർഷകരെ രക്ഷിക്കണം: ബി.ജെ.പി

73

ഇരിങ്ങാലക്കുട:കോന്തിപുലംപാടം താത്ക്കാലിക തടയണ പലപ്പോഴായി തകരുന്നതിലെ അഴിമതി അന്വേഷിക്കണമെന്നും ശാസ്ത്രീയമായി നിർമ്മിച്ച് കർഷകരെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം നടത്തി . കോന്തിപുലം പാടശേഖരത്തിലെ താത്ക്കാലികമായി നിർമ്മിച്ച തടയണ സ്ഥിരമായി തകരുകയും കർഷകരെ ദുരിതത്തിലാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. 4500 ഹെക്ടർ പാടശേഖരത്തിന് ഗുണകരമാകുന്ന ഈ തടയിണ വർഷാവർഷം 4 ലക്ഷം രൂപയിലധികം ചിലവിട്ടാണ് കെട്ടുന്നത് എങ്കിലും കരാറുകാരും നടത്തിപ്പുകാരും തമ്മിലുള്ള ഒത്തുകളി അഴിമതി മൂലമാണ് പലതവണകളിലായി ഇത് പൊട്ടി സംഭരിക്കുന്ന വെള്ളം നഷ്ടപ്പെടുന്നതെന്നും ബി.ജെ.പി ആരോപിച്ചു . എത്രയും വേഗം ശാസ്ത്രീയമായി തടയണ നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി യുടെ നേതൃത്വത്തിൽ ജനകീയപ്രതിഷേധം സംഘടിപ്പിച്ചു. മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സന്തേഷ് കാര്യാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന സെക്രട്ടറി അഡ്വ: കെ ആർ ഹരി ഉത്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എം .എൽ .എ അരുണൻമാസ്റ്ററും പുതുക്കാട് എം .എൽ .എ യും മന്ത്രിയുമായ രവീന്ദ്രൻ മാഷും തൃശൂർകാരനായ കൃഷിമന്ത്രി സുനിൽ കുമാറും ഇവിടെ സന്ദർശിക്കണമെന്നും ഉടൻ കർഷകരെ ദുരിതത്തിലാഴ്ത്തുന്ന ഈ വിഷയം ശാസ്ത്രീയമായി പരിഹരിക്കണമെന്നും കെ ആർ ഹരി ആവശ്യപ്പെട്ടു.ഇതിനായി പ്രക്ഷോഭ സമര പരിപാടികൾ നടത്തുമെന്നും ആവശ്യമെങ്കിൽ കർഷകരുടെ ഒപ്പുകൾ ശേഖരിച്ചു കൊണ്ട് ഭീമഹർജി കേന്ദ്ര കൃഷിമന്ത്രിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട,മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,മണ്ഡലം സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ ഷാജൂട്ടൻ,മുനിസിപ്പൽ കമ്മിറ്റി ജന സെക്രട്ടറി വി സി രമേശ് നഗരസഭ കൗൺസിലർമാരായ ആർച്ച അനിഷ്കുമാർ സരിതസുഭാഷ് കർഷക മോർച്ച മണ്ഡലം സെക്രട്ടറി ചന്ദ്രൻ അമ്പാട്ട് ,ഗിരീഷ്,ശ്രീജൻ മാപ്രാണം,വേണുപ്രിയ എന്നിവർ നേതൃത്വം നൽകി.തുടർന്ന് ബിജെപി നേതാക്കളും കൗൺസിലർമാരും തടയണ പൊട്ടിയത് സന്ദർശിച്ചു.

Advertisement