അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കി

83

ഇരിങ്ങാലക്കുട ∙ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ മുകുന്ദപുരം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. മുകുന്ദപുരം താസില്‍ദാര്‍ ഐ.ജെ.മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊതു നിരത്തുകളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്തത്. വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്ന
ബോര്‍ഡുകള്‍, വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിന് തടസമാകുന്ന ബോര്‍ഡുകള്‍,
നടപ്പാതകള്‍, റോഡുകളുടെ വളവുകള്‍ എന്നിവിടങ്ങളിലും പാലങ്ങള്‍, റോഡുകള്‍
എന്നിവയ്ക്ക് കുറുകെയും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ നീക്കം ചെയ്തു.  ബന്ധപ്പെട്ട പാര്‍ട്ടി ചുമതലയുള്ളവര്‍ക്ക് നിര്‍ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് സംഘം നീക്കം ചെയ്യുന്നത്.  ചെലവ് അവരില്‍ നിന്ന് ഈടാക്കും. ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ കെട്ടിടങ്ങൾ,  വൈദ്യുതി–ടെലിഫോൺ പോസ്റ്റുകൾ,മൊബൈല്‍ ടവറുകൾ എന്നിവയിൽ പരസ്യം പാടില്ല.  പരിസ്ഥിതി സൗഹൃദ വസ്തുക്കളില്‍ നിര്‍മിച്ച പ്രചാരണോപാധികള്‍ മാത്രമേ ഉപയോഗിക്കാവൂ.പ്ലാസ്റ്റിക് വസ്തുക്കൾ പാടില്ല.  തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുമ്പോള്‍ ചുമതലപ്പെട്ട വ്യക്തിയുടെ പേരും സ്ഥാനപ്പേരും ചേര്‍ക്കണം.

Advertisement