വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരിൽ നടപടിയെടുക്കും

72

തൃശൂർ:അക്ഷയകേന്ദ്രങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളുടെ പേരിൽ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുകയും അമിത സേവന നിരക്ക് ഈടാക്കുകയും ചെയ്യുന്നവരുടെ പേരിലായിരിക്കും നടപടി.വിവിധ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നത് അക്ഷയ കേന്ദ്രങ്ങൾ വഴിയാണെന്ന രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ പ്രകാരമാണ് നടപടി.ഇത്തരത്തിൽ അക്ഷയകേന്ദ്രങ്ങൾക്ക് സമീപം നിരവധി സേവനങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഇവർ അനുമതി കൂടാതെ ഇ-ജില്ല സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നുവെന്നുള്ള അക്ഷയ സംരംഭകരുടെ പരാതിയും വ്യാപകമാണ്. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ സ്വയം ചെയ്യുന്നതിനുള്ള ഓപ്പൺപോർട്ടൽ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടും നിലവിലുണ്ട്.
പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധം അക്ഷയയുടെ പേര്, ബോർഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നവരുടെ പേരിലും നിയമ നടപടിയുണ്ടാകും.
ഉപഭോക്താക്കളുടെ രേഖകളുടെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പുവരുത്തേണ്ടതിനാൽ പുതിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് അനുമതി നൽകുമ്പോൾ നിലവിലെ ഉത്തരവുകൾ കൃത്യമായി പാലിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു .

Advertisement