വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച പ്രതിക്ക് കഠിനതടവും പിഴയും

170

ഇരിങ്ങാലക്കുട :വിവാഹ വാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് അവരെ വിവാഹം കഴിക്കാതെ ചതിച്ച് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കയ്പമംഗലം പുതിയ വീട്ടില്‍ ഷെഫിഖ് (33)നെയാണ് കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ. ഷൈന്‍ ഏഴ് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ഒരു വര്‍,ം കൂടി കഠിനതടവ് അനുഭവിക്കണം. 2013 ആഗസ്റ്റിലാണ് സംഭവം. തൃപ്രയാറില്‍ പെണ്‍കുട്ടികള്‍ തുന്നല്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ വെച്ചാണ് പ്രതി ആവലാതിക്കാരിയെ പീഡിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കി പ്രതി പീഡനം തുടര്‍ന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയും മെഡിക്കല്‍ തെളിവുകളും അടിസ്ഥാനപ്പെടുത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. വലപ്പാട് സബ് ഇന്‍സ്പക്ടറായിരുന്ന സി. പ്രേമാനന്ദകൃഷ്ണന്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ചേര്‍പ്പ് സി.ഐ. സുന്ദരന്‍, വലപ്പാട് എസ്.ഐ. ടി.സി. രാമനാഥന്‍ എന്നിവരാണ് തുടര്‍ അന്വേഷണം നടത്തിയത്. വലപ്പാട് എസ്.ഐ. കെ.ടി. സലില്‍കുമാറാണ് പിന്നീട് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനല്‍, അര്‍ജ്ജുന്‍ രവി എന്നിവര്‍ ഹാജരായി.

Advertisement