ഇരിങ്ങാലക്കുടയിലെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ നിയന്ത്രണങ്ങൾ

224

കോവിഡ് 19 രോഗവ്യാപനവർദ്ധനവിനെത്തുടർന്ന് ഇരിങ്ങാലക്കുടയിൽ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെൻറ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട നഗരസഭയിൽ എം.എൽ .എ പ്രൊഫ :കെ .യു അരുണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ ,പോലീസ് ,മുൻസിപ്പൽ ,റവന്യൂ അധികാരികളുടെ സംയുക്ത യോഗം ചേർന്ന് തീരുമാനിച്ച നിയന്ത്രണങ്ങൾ ഇവയാണ്

1) ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ വാര്‍ഡുകളിലും പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന പൊതു സ്ഥലങ്ങളിലും/ പൊതു സ്ഥലങ്ങളുടെ നിര്‍വചനത്തിൽ വരുന്ന സ്ഥലങ്ങളിലും ആശുപത്രി ആവശ്യം, അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങുവാന്‍ പാടില്ല..
2) മെഡിക്കൽ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായും നിരോധിച്ചിരിക്കുന്നു .
3) വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല
4) മെഡിക്കൽ ഷോപ്പുകള്‍ രാവിലെ ഏഴുമണി മുതൽ വൈകീട്ട് ഏഴുമണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. വൈകുന്നേരം മുതൽ ഒരു മെഡിക്കൽ ഷോപ്പിന് റൊട്ടേഷൻ രീതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം അനുമതി നൽകേണ്ടതാണ്..
5) മിൽമ ബൂത്തുകള്‍ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
6) ഓരോ വാര്‍ഡുകളിലും അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകള്‍ ഒന്നോ രണ്ടോ വീതം രാവിലെ ഏഴുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ തുറക്കാവുന്നതും അവയിൽ നിന്നും അവശ്യ സാധനങ്ങള്‍ക്ക് വാര്‍ഡുതല കമ്മിറ്റി ഏര്‍പ്പെടുത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വഴി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാവുന്നതുമാണ്. ഈ കടകള്‍ ഏതെന്ന് തദ്ദേശ സ്വയംഭരണതലത്തിൽ തീരുമാനിക്കാവുന്നതാണ്.
7) തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിൽ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാര്‍ഡ് ഉടമകള്‍ക്കും, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാര്‍ഡ് ഉടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുതിലേക്കായി മാത്രം യാത്ര അനുവദീക്കാവുന്നതാണ്. അവശ്യവസ്തുക്കള്‍ വാങ്ങിക്കുവാന്‍ പോകുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കയ്യിൽ റേഷന്‍കാര്‍ഡ് കരുതേണ്ടതാണ്.
8) റേഷന്‍കാര്‍ഡ് യാതൊരുകാരണവശാലും ദുരുപയോഗം ചെയ്യുവാന്‍ പാടുള്ളതല്ല .
9) ആശുപത്രി, നേഴ്‌സിംഗ് ഹോം, ലബോറട്ടറി, ആംമ്പുലന്‍സ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, എൽ എസ് ജി ഡി. റവന്യൂ, ട്രഷറി എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു .
10) സാനിറ്റൈസറുകള്‍ മതിയായ അളവിൽ സൂക്ഷിച്ചിട്ടില്ലാത്ത ബാങ്ക് എ.ടി.എം കള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല .
11) ബാങ്കുകള്‍ പൊതുജനങ്ങളുടെ പ്രവേശനമില്ലാതെ 2 മണിവരെ മിനിമം ജീവനക്കാരെവച്ച് പ്രവര്‍ത്തിപ്പിക്കാവുതാണ്.
12) ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല
13) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുവാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു . ദീര്‍ഘദൂര ബസ്സുകള്‍ക്ക് കടന്ന് പോകാവുന്നതും എന്നാൽ , മേൽ പറഞ്ഞ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റുവാനോ ഇറക്കുവാനോ പാടുള്ളതല്ല .
14) പ്രായമായവര്‍, ഗര്‍ഭണികള്‍, കുട്ടികള്‍ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ യാത്രചെയ്യുവാന്‍ പാടുള്ളതല്ല .
15) വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ഒത്തുചേരൽ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
16) മുമ്പ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍, സ്റ്റേഷൻ ഹൗസ് ആഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെമാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.
17) മരണവീടുകളിൽ 20 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു .
18) സമരങ്ങള്‍, പ്രകടനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു .
19) ആഴ്ച ചന്തകളും വഴിവാണിഭങ്ങളും മത്സ്യകമ്പോളങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു .
20) ആരാധനാലയങ്ങള്‍ ക്രിസ്ത്യന്‍/ മുസ്ലീം പള്ളികള്‍/ അമ്പലങ്ങള്‍/ ധ്യാനകേന്ദ്രങ്ങള്‍ എിവിടങ്ങളിൽ പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചിരിക്കുന്നു .
21) കായികകേന്ദ്രങ്ങള്‍, ജിംനേഷ്യനുകള്‍, ടര്‍ഫ്/മൈതാനത്തിലുള്ള കളികള്‍ എന്നിവ നിരോധിച്ചിരിക്കുന്നു .
22) പി.എസ്.സി പരീക്ഷകള്‍, യൂണിവേഴ്‌സറ്റി പരീക്ഷകള്‍, സ്‌കൂള്‍ കോളേജ് പ്രവേശനം എന്നിവ ചുരുങ്ങിയ ജീവനക്കാരെ വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി നടത്താവുതാണ്.

.ജില്ലാ കളക്ടർ എസ് ഷാനവാസ് ഓൺലൈനായി പങ്കെടുത്തു .തഹസിൽദാർ ഐ.ജെ മധുസൂദനൻ, സിഐ എം.ജെ.ജിജോ, ചെയർപേഴ്സൺ നിമ്യ ഷിജു,വ്യാപാരി വ്യവസായ പ്രതിനിധികൾ, കൗൺസിലർമാർ ,ജനറൽ ആശുപത്രി സൂപ്രണ്ട് ,നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 28 ന് യോഗം ചേർന്ന് നിയന്ത്രണങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും .

Advertisement