കാട്ടൂർ പറയൻകടവ് പാലത്തിന്റെ നിർമ്മാണത്തിനായി 26.69 കോടി രൂപ അനുവദിച്ചു

297

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാട്ടൂർ പറയൻകടവ് പാലത്തിന്റെ നിർമ്മാണത്തിനായി 26.69 കോടി രൂപ കിഫ്‌ബിയിൽ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. 2016 — 17 ലെ സംസ്‌ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്റെ സ്‌ഥല പരിശോധന, ഡിസൈൻ എന്നിവ പൂർത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി കേരള റോഡ് ഫണ്ട്‌ ബോർഡ്‌ മുഖേനെ കിഫ്‌ബിയിൽ സമർപ്പിച്ച് വിശദമായ പരിശോധനകൾക്ക് ശേഷമാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.പറയൻകടവ് പാലം കനോലി കനാലിനു കുറുകെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കാട്ടൂർ ഗ്രാമ പഞ്ചായത്തിനെയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് നിർമ്മാണം നടത്തുന്നത്. നിർദ്ദിഷ്ട പാലത്തിന് മൊത്തം 194.18 മീറ്റർ നീളം ഉണ്ടായിരിക്കും. പാലത്തിന് പുറമെ 70 മീറ്റർ അപ്പ്രോച്ച് റോഡ് കാട്ടൂർ പഞ്ചായത്തിലും 90 മീറ്റർ അപ്പ്രോച്ച് റോഡ് എടത്തിരുത്തി പഞ്ചായത്തിലും പുതിയതായി നിർമ്മാണം നടത്തും. കൂടാതെ 340 മീറ്റർ സർവീസ് റോഡ് നിർമ്മാണത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.പാലം നിർമ്മിക്കുന്നതിനാവശ്യമായ 127.852 സെന്റ് സ്‌ഥലം ഏറ്റെടുക്കുന്നതിനായി 6.89 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.പ്രസ്തുത പാലത്തിന് 11.05 മീറ്റർ വീതി ആണ് ഉണ്ടായിരിക്കുക.ഇതിൽ 7.50 മീറ്റർ ക്യാരേജ് വേയും രണ്ട് സൈഡിലും 1.50 മീറ്റർ ഫുട്പാതും ക്രമീകരിച്ചിട്ടുണ്ട്. പറയൻകടവ് പാലം നിലവിൽ വരുന്നതോടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് തീരദേശ മേഖലയിലേക്കുള്ള യാത്ര വളരെ എളുപ്പമായി തീരും.പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനാണെന്നും ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ നടത്തി പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ പറഞ്ഞു.

Advertisement