വിളയാടിയ ഗുണ്ടകളെ വേട്ടയാടി പോലീസ്

99

ഇരിങ്ങാലക്കുട: കോണത്തക്കുന്ന് കാരുമാത്രയിൽ വടിവാളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ വിളയാട്ടം നടത്തിയ ഏഴു പേരെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എംജെ. ജിജോ, എസ് ഐ. പി.ജി അനുപ് എന്നിവരുടെ സംഘം പിടികൂടി.ഒക്ടോബർ 11 ഞായറാഴ്ച കാരുമാത്ര ആലൂക്ക പറമ്പിൽ ആൾ താമസമില്ലാത്ത വീടുകളിലിരുന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ കാരുമാത്ര മേക്കാട്ടിൽ വീട്ടിൽ സുരപ്പൻ മകൻ നന്ദുകൃഷ്ണയെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . ഗുരുതര പരിക്കേറ്റ നന്ദു കൃഷ്ണ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദു കൃഷ്ണയെ പ്രതികൾ ആക്രമിച്ച വിവരം പോലീസിൽ അറിയച്ചത് കല്ലിംങ്ങപ്പുറം അശോകന്റെ വീട്ടുകാർ ആണെന്ന് തെറ്റിദ്ധരിച്ച പ്രതികൾ ഒക്ടോബർ 12-ാം തിയ്യതി അർദ്ധരാത്രി മാരകായുധങ്ങളുമായി അശോകന്റെ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ ചില്ലുകളും ജനൽ ചില്ലുകളും അടിച്ച് തകർക്കുകയും ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പ്രതികളായ പുല്ലൂറ്റ് പാറക്കൽ മോഹനൻ മകൻ സുട്ടു എന്ന് വിളിക്കുന്ന സുബീഷ് 32 വയസ്സ് പുല്ലൂറ്റ് കോഴിക്കട സ്വദേശി കാരയിൽ ശശിധരൻ മകൻ ലുട്ടാപ്പി എന്ന് വിളിക്കുന്ന ശ്യാംലാൽ 25 വയസ്സ് കാരുമാത്ര നാലുമാക്കൽ ശിവൻ മകൻ സന്ദീപ് 27 വയസ്സ് പുല്ലൂറ്റ് പഴവേലിക്കകത്ത് ബാലൻ മകൻ വയറൻ എന്ന് വിളിക്കുന്ന നംജിത്ത് 24 വയസ്സ് എടവിലങ്ങ് കാര സ്വദേശി കൊണ്ടിയാറ സഭാശിവൻ മകൻ സഹിൽദേവ് 35 വയസ് കാരുമാത്ര പുതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ മകൻ അഖിൽ 26 വയസ്സ് പുത്തൻചിറ കണ്ണികുളങ്ങര സ്വദേശി തിരുക്കുളം സത്യൻ മകൻ സന്ദീപ് 30 വയസ്സ് എന്നിവരെ ഇന്ന് പുലർച്ചെ ഒല്ലൂരിലുള്ള ഒളിത്താവളത്തിൽ നിന്ന് പോലീസ് ശ്രമകരമായി പിടികൂടുകയായിരുന്നു . പ്രതികളെ പിടികൂടിയ സംഘത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ ആന്റി ഗുണ്ടാ സ്ക്വേഡ് അംഗങ്ങളായ എ.എസ്സ് ഐ.മാരായ സലിം, ബെന്നി ജോസഫ് , സി.പി.ഒ മാരായ ജീവൻ.ഇ.എസ്സ്, വൈശാഖ് മംഗലൻ , ജോസഫ് , സുധീഷ് , ബാലു, ഡാനി സാനി , സ്പെഷൽ ബ്രാഞ്ച് ഓഫീസർ സനീഷ് ബാബു എന്നിവരാണ് പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Advertisement