കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി പുല്ലൂർ ഊരകത്ത്:ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചു

95

ഇരിങ്ങാലക്കുട: വനിതാ – ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേത് പുല്ലൂർ ഊരകത്ത്. അങ്കണവാടിയുടെ ശിലാസ്ഥാപനകർമ്മ പരിപാടിയുടെ ഉദ്‌ഘാടനം തൃശൂർ എംപി ടി.എൻ.പ്രതാപൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു . മുരിയാട് പഞ്ചായത്തു പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു . ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് വി,എ. മനോജ്‌കുമാർ മുഖ്യാതിഥിയായിരുന്നു. ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ എം.കെ.കോരുകുട്ടി, ടെസ്സി ജോഷി,സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് .ജെ .ചിറ്റിലപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത് . ഇരിങ്ങാലക്കുട ബ്ലോക്കിലെ 99 -ആം നമ്പർ അങ്കണവാടിയാണ് സ്മാർട്ട് അങ്കണവാടിയായി നിർമ്മിക്കുന്നത്. അങ്കണവാടിക്കായി സ്ഥലം വിട്ടു നൽകി താര മഹിളാ സമാജം അംഗങ്ങൾ മാതൃകയായി. കഴിഞ്ഞ നാൽപ്പത്തി മൂന്നു വർഷമായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഏഴര സെന്റ് സ്ഥലമാണ് നാട്ടിലെ കുഞ്ഞുങ്ങളുടെ ഭാവിക്കായി ഇവർ സൗജന്യമായി നൽകിയത്. ഈ അങ്കണവാടി തുടക്കം മുതലേ താര മഹിളാസമാജത്തിന്റെ കെട്ടിടത്തിലാണ് സൗജന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മഹിളാസമാജത്തിന് നേരത്തെ സ്ഥലം സംഭാവനയായി നൽകിയ തൊമ്മാന ദേവസ്സി അന്തോണിയുടെ കുടുംബം ഇതോട് ചേർന്ന് രണ്ടര സെന്റ് സ്ഥലം കൂടി സൗജന്യമായി നൽകിയതോടെ അങ്കണവാടിക്ക് ആകെ പത്തു സെന്റ് സ്ഥലം സ്വന്തമായി. കെട്ടിട നിർമാണത്തിനാവശ്യമായ 35.30 ലക്ഷം രൂപ ടി.എൻ, പ്രതാപൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. .അനുബന്ധ പ്രവർത്തനങ്ങൾക്കാവശ്യമായ 14 .70 ലക്ഷം രൂപ രൂപ ബ്ളോക് പഞ്ചായത്തും വകരുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലും നൂറു ശതമാനം നികുതി നൽകിയതിന് പത്ത്, പതിനൊന്നു വാർഡുകൾക്കു ലഭിച്ച അവാർഡ് തുകയായ പത്തു ലക്ഷം രൂപ ഉപയോഗിച്ച് അങ്കണവാടിയോടു ചേർന്ന് മിനി ചിൽഡ്രൻസ് പാർക്കും നിർമ്മിക്കും. തൃശൂർ നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.

Advertisement