സഹകരണ മേഖല അപകട മുനമ്പില്‍:വി എ മനോജ് കുമാര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇനി മുതല്‍ സൂപ്പര്‍ഗ്രേഡില്‍

146

പുല്ലൂർ :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സഹകരണ മേഖല അതീവ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും , അതിജീവനത്തിന് സഹകാരി കൂട്ടായ്മ ഉണരണമെന്നും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സൂപ്പര്‍ഗ്രേഡ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ജീവിതക്രമം ഒരു സംസ്‌ക്കാരമാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതി ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.നബാര്‍ഡിന്റെ സഹായത്തോടെ ബാങ്കിന്റെ പുല്ലൂര്‍ ശാഖയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.52 സോളാർ പാനലുകളിൽ നിന്നായി 50kw വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന ഓൺഗ്രിഡ് സോളാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 80 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് കൈമാറാമെന്നാണ് പ്രതീക്ഷിക്കുന്നത്.വിവാഹ ആവശ്യങ്ങൾക്കായുള്ള നിക്ഷേപ പദ്ധതികളുടെ ഭാഗമായി സ്വർണ്ണ നിധി പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷും ,40% മുതൽ 80% ശതമാനം വരെ സബ്‌സിഡി നിരക്കിൽ കാർഷിക മെഷിനറികൾ വാങ്ങുന്നതിനുള്ള മെഷിൻ ലോണും ,വാഴ കർഷകർക്കും ,ആട് ,കോഴി, മത്സ്യ കൃഷിക്കുമുള്ള പ്രത്യേക വായ്പാ പദ്ധതികളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രശാന്തും ഉദ്‌ഘാടനം ചെയ്തു .സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം .സി അജിത് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അജിത രാജൻ ,ഗംഗാദേവി സുനിൽകുമാർ ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് ,ഷാജു വെളിയത്ത് ,എം.കെ കോരുക്കുട്ടി ,കവിത ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി.എസ് നന്ദിയും പറഞ്ഞു .

Advertisement