കലാകാരന്മാർക്ക് ധനസഹായം നൽകി അമേരിക്കൻ മേളം ട്രൂപ്പ്

135

ഇരിങ്ങാലക്കുട :കോവിഡ് എന്ന മഹാമാരിയുടെ കെടുതിക്കാലത്ത് ഉത്സവങ്ങളൊന്നും നടക്കാതെവന്നതുകൊണ്ട് ദുരിതത്തിലായ നിര്‍ധനരായ വാദ്യകലാകാരന്മാരെ നേരിയ രീതിയിലെങ്കിലും സഹായിക്കുന്നതിനായി അമേരിക്കയിലെ ഡെട്രായൂട്ട് മിഷിഗണ്‍ ക്ഷേത്രമേളം ട്രൂപ്പ് സമാശ്വാസവുമായി എത്തി.മേളം ട്രൂപ്പിന്റെ ചീഫ് കോര്‍ഡിനേറ്ററും കലാകാരനുമായ രാജേഷ് നായര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച് ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, താളം എന്നീ വിഭാഗങ്ങളിലായി 275 കലാകാരന്മാര്‍ക്ക് രണ്ടായിരം രൂപ വീതം ധനസഹായം നല്‍കി മാതൃക കാട്ടി.കേരളത്തിലെല്ലായിടത്തും ഈ സീസണില്‍ ഇത്തരത്തില്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എല്ലാവര്‍ക്കും സഹായമെത്തിക്കുക എന്നത് സാഹസമാണെന്നിരിക്കെ മൂന്നു ജില്ലകളെമാത്രം കേന്ദ്രീകരിച്ചാണ് ഈ സമാശ്വാസം എത്തിച്ചത്. രാജേഷ് നായരുടെ ഈ കാരുണ്യപ്രവര്‍ത്തനത്തെ അനുമോദിച്ചുകൊണ്ട് രാജേഷിന്റെ ഗുരുകൂടിയായ കലാമണ്ഡലം ശിവദാസന്‍, വാദ്യരംഗത്തെ ആചാര്യന്മാരായ പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവര്‍ അനുമോദന സേന്ദശം അയച്ചുകൊടുത്തു.
ഇതുകൂടാതെ, ഈ ട്രൂപ്പിന്റെ സഹകരണത്തോടെ മിഷിഗണ്‍ ഡെട്രായൂട്ട് മലയാളി അസോസിയേഷന്‍ ഇരു വൃക്കകളും നഷ്ടപ്പെട്ട് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന പെരുവനം ആറാട്ടുപുഴ സ്വദേശിയായ കൊമ്പ് കലാകാരന്‍ കെ.ആര്‍. രാംകുമാറിന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ അദ്ദേഹത്തിന്റെ വസതിയിലെത്തി പെരുവനം കുട്ടന്‍മാരാര്‍ സംഖ്യ കൈമാറി. കലാമണ്ഡലം ശിവദാസ്, മച്ചാട്ട് മണികണ്ഠന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement