മുരിയാട് : കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തുന്ന മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുവാനുള്ള സൗകര്യങ്ങളൊരുക്കി സഹജീവികള്‍ക്ക് കരുണയുടെ മുഖമായി മാറുകയാണ് മുരിയാട് സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനിയിലെ നിവാസികള്‍. സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട്
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനായി ശ്രമകരമായ നടപടികളാണ് ചെയ്തു കൊണ്ടിരിക്കുന്നത് . പഞ്ചായത്ത്-വില്ലേജ് അധികൃതര്‍ ക്വാറന്റീന്‍
കേന്ദ്രങ്ങളാക്കുന്നതിനായി കെട്ടിടങ്ങളും വീടുകളും തേടി അലയുകയാണ്. പലരും
രോഗഭീതി കൊണ്ടോ മറ്റോ സ്വന്തം കെട്ടിടങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാകുന്നുമില്ല. ഈ പ്രതിസന്ധിയിലാണ് നാട്ടിലേക്കെത്തുന്ന മലയാളികളെ സഹജീവികളായി കണ്ട് സമൂഹത്തിനാകെ കരുണയുടെ മാതൃകയാകുന്ന സീയോന്‍-ഷെക്കേം
ഹൗസിംഗ് കോളനിയിലെ നിവാസികള്‍ ആശ്വാസം പകരുന്നത്.മുരിയാട് എംപറര്‍
ഇമ്മാനുവേല്‍ സഭാ വിശ്വാസികള്‍ താമസിച്ച് കൊണ്ടിരിക്കുന്ന
സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനിയിലെ പതിനെട്ട് വീടുകള്‍ ക്വാറന്റീന്‍
കേന്ദ്രമാരംഭിക്കാന്‍ വിട്ട് നല്‍കിയിരിക്കുകയാണ്. മറ്റ് വീടുകള്‍ സ്വന്തമായുള്ളവരോ വാടകക്ക് മാറിത്താമസിക്കാന്‍ കഴിവുള്ളവരോ അല്ല ഇവിടത്തെ താമസക്കാര്‍. ഇവരെല്ലാം തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും ഭവനങ്ങളിലെ പരിമിത സൗകര്യങ്ങള്‍ പങ്കിട്ട് സഹജീവികളുടെ ക്വാറന്റീന്‍ കാലം മുഴുവന്‍ സ്വയം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനമെടുത്തു കൊണ്ടാണ് ഇവര്‍ ഈ മാതൃക കാണിച്ചത്. പതിനെട്ട്
കുടുംബങ്ങളും അവരുടെ അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്ത് വീടുകള്‍
അണുവിമുക്തമാക്കി അതിഥികള്‍ക്കായി പഞ്ചായത്ത്-റവന്യൂ അധികൃതര്‍ക്ക്
കൈമാറി.ഇവരുടെ മാതൃകാപരമായ പ്രവൃത്തിയിലൂടെ മുരിയാട് ഗ്രാമപഞ്ചായത്തിലെ
ഏക ക്വാറന്റില്‍ കേന്ദ്രമൊരുക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലും
സംതൃപ്തിയിലുമാണ് ചുമതലക്കാരനായ തഹസില്‍ദാര്‍ ഐ.ജെ മധുസൂദനും പഞ്ചായത്ത്
പ്രസിഡന്റ് സരിത സുരേഷും മറ്റ് സഹപ്രവര്‍ത്തകരും. കോവിഡ് വ്യാപന വിരുദ്ധ
നടപടികളുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി
കിച്ചണിലേക്ക് ആവശ്യമായ അരിയും പല വ്യഞജനങ്ങളും എംപറര്‍ ഇമ്മാനുഏല്‍
ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്തിരുന്നു.നേരത്തെ പഞ്ചായത്തിന്
ട്രസ്റ്റ് നല്‍കിയ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയ്ക്ക് പുറമെയാണിത്.
സഹജീവികള്‍ക്ക് കരുണയുടെ മുഖമായി സീയോന്‍-ഷെക്കേം ഹൗസിംഗ് കോളനി നിവാസികള്‍
Advertisement