സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ

81

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികൾ, മലയോരമേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ഗോത്രമേഖലയിലെ കുട്ടികൾ, തീരദേശ മേഖലയിലെ വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗക്കാർക്കുവേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.അധിക പഠനസാമഗ്രികൾ, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകൾ, പഠനസഹായികൾ തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളിൽപ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement