ഡോ. മാത്യു പോൾ ഊക്കൻ വിരമിക്കുന്നു.

122

ഇരിങ്ങാലക്കുട :നീണ്ട മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഏപ്രിൽ 30ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നു. കോളേജ് പ്രിൻസിപ്പൽ എന്നനിലയിൽ ക്രൈസ്റ്റ് കോളേജിനെ മികവിന്റെ ഉയരങ്ങളിൽ എത്തിച്ചതിനു ശേഷമാണ് മാത്യു സാർ തന്റെ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നത്. മുൻ പ്രിൻസിപ്പൽ ഡോ. ഫാ. ജോസ് തെക്കന്റെ ആകസ്മിക വിയോഗത്തിന് ശേഷം 2017 ജൂലൈയിലാണ് ഡോ. മാത്യു പോൾ കോളേജിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. അന്നുമുതലുള്ള കോളേജിന്റെ സർവതോന്മുഖമായ വളർച്ചയിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.മാത്യു പോൾ സാറിന്റെ നേതൃത്വത്തിലാണ് ക്രൈസ്റ്റ് കോളേജ് ആദ്യമായി രണ്ടു വിദേശ സർവകലാശാലകളുമായി പഠന ഗവേഷണ സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചത്. പഠന പാഠ്യേതര മേഖലകളിൽ ദേശീയ തലത്തിൽ MHRD NIRF റാങ്കിങ്ങിൽ കോളേജിന് മികച്ച സ്ഥാനം നേടുവാൻ സാധിച്ചു. ഈ കഴിഞ്ഞ അധ്യയന വർഷം മാത്രം 16 ദേശീയ- അന്തർദേശീയ സെമിനാറുകൾ കോളേജിൽ സങ്കടിപ്പിക്കുവാൻ അദ്ദേഹത്തിന്‌ സാധിച്ചു.
കയികരംഗത്തും അഭൂതപൂർവമായ മുന്നേറ്റം ക്രൈസ്റ്റ് കോളേജ് ഈ കാലയളവിൽ നടത്തി. തുടർച്ചയായി നാലുവർഷം കാലിക്കറ്റ് സർവകലാശാലയിൽ ഓവറോൾ ചാംപ്യൻഷിപ് ക്രൈസ്റ്റിന് ലഭിച്ചതിനുപിന്നിൽ ഡോ. മാത്യു പോളിന്റെ അക്ഷീണ പ്രയത്നം ഉണ്ട്. നേട്ടങ്ങൾക്ക് തിലകകുറിയെന്നോണം 2019 ലെ സംസ്ഥാന സർക്കാരിന്റെ മികച്ചകോളേജിനുള്ള ജി. വി. രാജ പുരസ്കാരവും മികച്ച കായിക വിദ്യാർത്ഥിക്കുള്ള ജി. വി. രാജ പുരസ്കാരവും ക്രൈസ്റ്റിനെ തേടിയെത്തി. ദേശീയ തലത്തിൽ മികച്ച സ്പോർട്സ് പ്രൊമോട്ടിങ് കോളേജിനുള്ള PEFI നാഷണൽ അവാർഡും ഡോ. മാത്യു പോളിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റിന് ലഭിക്കുകയുണ്ടായി.ഡോ. മാത്യു പോളിന്റെ 33 വർഷം നീണ്ടുനിന്ന അധ്യാപക ജീവിതവും മികച്ച വിജയങ്ങൾ നിറഞ്ഞതാണ്. രസതന്ത്ര മേഖലയിൽ മൂന്ന് റിസർച്ച് പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റേതായി ഇരുപത്തിയൊന്ന് ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെയും വിവിധ ഓട്ടോണമസ് കോളേജുകളിലെയും ബോർഡ് ഓഫ് സ്റ്റഡിസ് അംഗം, പരീക്ഷ ചീഫ് സൂപ്രണ്ട് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്, ഭാരതീയാർ യൂണിവേഴ്സിറ്റികളിലെ റിസേർച്ച് ഗൈഡാണ് അദ്ദേഹം.

Advertisement