മൈക്രോ ജീവാമൃത വളം സംസ്‌ക്കരണസംവിധാനമൊരുക്കി ഇരിങ്ങാലക്കുട നഗരസഭ

124

ഇരിങ്ങാലക്കുട: ചവറിനെ വളമാക്കി മാറ്റുന്നതിനായി തുമ്പൂര്‍മുഴി മോഡല്‍ മൈക്രോ ജീവാമൃത വളം സംസ്‌ക്കരണ സംവിധാനമൊരുക്കി ഇരിങ്ങാലക്കുട നഗരസഭ. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ പാര്‍ക്കിലാണ് മുള ഉപയോഗിച്ച് രണ്ട് സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. പാര്‍ക്കിലെ മഞ്ഞ മുളകള്‍ സമീപവാസികളുടെ വീടിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്നതിനും മുളയുടെ കൊഴിഞ്ഞുവീണ ഇലകള്‍ അടിച്ചുകൂട്ടി കത്തിക്കുന്നതിനുമെതിരെ പരാതി ഉണ്ടായിരുന്നു.ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രകൃതി സൗഹൃദ സംസ്‌ക്കരണ സംവിധാനമൊരുക്കാന്‍ തീരുമാനിച്ചതെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍ പറഞ്ഞു. മഞ്ഞ മുളകളായതിനാല്‍ ആവശ്യക്കാരില്ലാതെ വന്നതും ഇത്തരമൊരു സംവിധാനം നിര്‍മ്മിക്കാന്‍ പ്രേരകമായതായും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെയാണ് രണ്ടുമീറ്റര്‍ വ്യാസത്തില്‍ അഞ്ചടി ഉയരത്തില്‍ മുള കുഴിച്ചിട്ടാണ് ചവര്‍ സംസ്‌ക്കരണ സംവിധാനം ഒരുക്കിയത്. പത്തിഞ്ച് ഉയരത്തില്‍ ചവറിട്ടശേഷം അതിന് മുകളില്‍ പത്തിഞ്ച് ഉയരത്തില്‍ ചാണകമടങ്ങിയ ജീവാമൃതം ഇടും വീണ്ടും പത്തിഞ്ച് ഉയരത്തില്‍ ചവര്‍ എന്നിങ്ങനെ അടക്കുകളായിട്ടാണ് ഇതില്‍ നിക്ഷേപിക്കുന്നത്. ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി, മണ്ണ് എന്നിവ ചേര്‍ത്താണ് ജീവാമൃതം ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ അടക്കുകളായി ചവറും ജീവാമൃതവും നിക്ഷേപിച്ചപ്പോള്‍ ഒരെണ്ണത്തില്‍ ആറുലോറി ചവറാണ് ഉള്‍ക്കൊണ്ടത്. പണി പൂര്‍ത്തിയായ രണ്ടാമത്തേതിലും പാര്‍ക്കിലേയും മറ്റുമുള്ള ചവറുകള്‍ നിക്ഷേപിച്ചുതുടങ്ങിയിട്ടുണ്ട്. തികച്ചും പ്രകൃതി ദത്തമായ സംസ്‌ക്കരണ സംവിധാനമാണ് ഇതെന്നും പാര്‍ക്കിലെ ചെടികള്‍ക്കും മറ്റും ഈ വളം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement