തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം

103

പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടതായി വരുമെന്ന് പറഞ്ഞു മുഖ്യമന്ത്രി സംസ്ഥാനത്ത് ഇളവ് നല്‍കുന്ന തൊഴില്‍മേഖലകളെ കുറിച്ചും പത്രസമ്മേളനത്തില്‍ വിശദമായി പ്രതിപാദിച്ചു.ആളുകളുടെ കൈയില്‍ വരുമാനമുണ്ടാകണമെങ്കില്‍ ക്രയവിക്രയശേഷി വര്‍ധിക്കണമെന്ന് പറഞ്ഞു മുഖ്യമന്ത്രി തൊഴില്‍മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി നല്‍കിയ കാര്യം അറിയിച്ചു.അതുപ്രകാരം നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.പിഡബ്ലിയുഡിയും മറ്റു വകുപ്പുകളുടെ പ്രവൃത്തികളും സ്വകാര്യമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭിച്ച അവസ്ഥയിലാണ് ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണമേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.തൊഴിലാളികള്‍ ശാരീരിക അകലം പാലിക്കണം. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം.സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖല കയര്‍, കശുവണ്ടി, കൈത്തറി, ബീഡി,ഖാദി ഇത്തരം മേഖലകളില്‍ എല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം.ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകള്‍ വേണം. അതിലൂടെയാകണം ജീവനക്കാന്‍ പ്രവേശിക്കേണ്ടത്.ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ആകണം.സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഉള്ള കമ്പനികളും ഇല്ലാത്ത കമ്പനികളും ഉണ്ട്.ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹനസൗകര്യം ഏര്‍പ്പെടുത്തണം.കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനം പേര്‍ മാത്രമേ പരമാവധി ഒരു അവസരത്തില്‍ പ്രവര്‍ത്തിപ്പിക്കാവൂ.ഷിഫ്റ്റ് സമ്പ്രദായത്തില്‍ അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം.മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്.അതുകൊണ്ട് റബ്ബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനകം നല്ല ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയണം.ഒപ്പം ലൈഫ് പദ്ധതിയിലുളള വീടുകളുടെ നിര്‍മാണവും നിലച്ചിട്ടുണ്ട് അതും ഉടനെ പൂര്‍ത്തിയാക്കാന്‍ സാധിക്കണം.ഇതിനെല്ലാം വേണ്ടി താല്ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ അനുമതി നല്‍കേണ്ടതാണ്.കാര്‍ഷിക വൃത്തി കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്.എല്ലാ പ്രദേശങ്ങളിലും കാര്‍ഷികവൃത്തി അനുവദിക്കും.വിത്തിടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തേണ്ടതുണ്ട്. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതെല്ലാം അനുവദിക്കും.കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുകയും മാര്‍ക്കറ്റില്‍ എത്തിക്കുകയും അത് വില്പന നടത്തുകയും ചെയ്യുന്നതിന് മാര്‍ക്കറ്റുകള്‍ തുറക്കാം.ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ ഓയില്‍ മില്‍, റൈസ് മില്‍, ഫ്‌ളവര്‍ മില്‍, വെളിച്ചണ്ണ ഉല്പാദനം, ഇത്തരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉൾപ്പെട്ടിരുന്നില്ല അതുകൂടി ഉള്‍പ്പെടുത്തുകയാണ്.കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും.കൃഷിക്ക് വളവും വിത്തും വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കും.കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട ഘടകമാണ്.മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

Advertisement