സൗജന്യ റേഷന്‍ വിതരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

271

തൃശ്ശൂര്‍ ജില്ലയില്‍ (ഏപ്രില്‍ 1) മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളിലെ തിരക്കു നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണം. ഒരേസമയം ഒരു റേഷന്‍കടയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ക്യൂ നില്‍ക്കാന്‍ പാടില്ല. ഒരു മീറ്റര്‍ അകലം പാലിച്ചാവണം ആളുകള്‍ റേഷന്‍ വാങ്ങാന്‍ വരി നില്‍ക്കേണ്ടത്. റേഷന്‍ കടയുടെ പരിസരത്തുളള നാലു വാര്‍ഡുകളില്‍ നിന്നുളള കാര്‍ഡുടമകള്‍ ഉണ്ടെങ്കില്‍ ഓരോ വാര്‍ഡില്‍ നിന്ന് പരമാവധി 15 എഎവൈ/പിഎച്ച്എച്ച് (മഞ്ഞ/പിങ്ക്) കാര്‍ഡുടമകള്‍ ഓരോ മണിക്കുറിലും കടയിലെത്തി റേഷന്‍ വാങ്ങുന്നതിന് സമയം ക്രമീകരിക്കണം. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ 60 കാര്‍ഡുമടകള്‍ക്ക് റേഷന്‍ വാങ്ങിക്കാവുന്നതാണ്. ഇതിനായി വാര്‍ഡ് മെമ്പര്‍മാരുടെയും വളണ്ടിയാര്‍മാരുടെയും സഹായം സ്വീകരിക്കാം.നീല, വെള്ള കാര്‍ഡുടമകള്‍ക്കളെ (എന്‍പിഎസ്/എന്‍പിഎന്‍എസ്) വാര്‍ഡ് തലത്തില്‍ എണ്ണം ക്രമീകരിച്ച് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് അഞ്ച് വരെ റേഷന്‍ നല്‍കാവുന്നതാണ്. ഇപ്രകാരം സമയം ക്രമീകരിക്കുമ്പോള്‍ അറിയാതെ ആരെങ്കിലും റേഷന്‍ വാങ്ങാന്‍ എത്തിയാല്‍ ആ കാര്‍ഡുടമയെ ബുദ്ധിമുട്ടിക്കാതെ വിധത്തില്‍ വിതരണം ക്രമീകരിക്കണം. കഴിയുന്നതും ആരെയും തിരിച്ചയ്ക്കാന്‍ പാടില്ല.
റേഷന്‍ വിതരണം സുഗമമാക്കുന്നതിന് തിരക്ക് നിയന്ത്രിക്കാന്‍ അതത് എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കേണ്ടതാണ്. എല്ലാ ഗുണഭോക്താക്കള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്. റേഷന്‍ വിഹിതം ലഭിക്കാത്ത സാഹചര്യം ഒരുകാരണവശാലും ഉണ്ടാകില്ല. റേഷന്‍ വിതരണം സുഗമമാക്കുന്നതിന് മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ പൊതുവിതരണവകുപ്പ് പരിശോധന നടത്തി. 18 സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. പലചരക്കു വിഭാഗത്തില്‍ 28ഉം പച്ചക്കറി വിഭാഗത്തില്‍ 39 സ്ഥാപനങ്ങളുമായി 67 സ്ഥാപനങ്ങളിലായാണ് പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്.

Advertisement