ഇരിങ്ങാലക്കുട- ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന സമകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ് സേതുവിന്റെ ‘കിളിക്കൂട് ‘എന്ന നോവലെന്ന് കാലടി യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം തലവനായ ഡോ.വത്സലന്‍ വാതുശ്ശേരി അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യന്‍ സ്ത്രീ ജീവിതങ്ങളെ ഒരു ചിമിഴില്‍ എന്ന പോലെ വാര്‍ത്തുവച്ചിരിക്കുകയാണ് സേതു ഈ നോവലില്‍. പല മൊഴികള്‍ സംസാരിക്കുന്ന പല സംസ്‌കാരങ്ങളില്‍ ജീവിച്ച വ്യത്യസ്ഥവിഭാഗങ്ങളില്‍പ്പെടുന്ന അനവധി തിരസ്‌കരിക്കപ്പെട്ട, തമസ്‌കരിക്കപ്പെട്ട സ്ത്രീകള്‍ ഒരു കിളിക്കൂട്ടില്‍ എത്തിപ്പെടുന്നതിലൂടെ വേഷ-ഭൂഷ, ജാതി, മതഭേദങ്ങള്‍ ഇല്ലാതാകുന്നു. ആ കിളിക്കൂട്ടില്‍ ഓരോരുത്തരും ആഗ്രഹിക്കുന്ന ഒരിടം കണ്ടെത്തുന്നു. എല്ലാ മതങ്ങളിലും സത്യമുണ്ട്, ആ സത്യത്തിലേക്കുള്ള ഒരു എത്തിപ്പെടലാണ് ഈ നോവലെന്ന് നോവലിസ്റ്റ് സേതു വ്യക്തമാക്കി.
ഇരിങ്ങാലക്കുട എസ്. എന്‍ പബ്ലിക് ലൈബ്രറി & റീഡിംഗ് റീം നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയിലെ ഇരുപത്തിമൂന്നാമത്തെ നോവല്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഡോ.വത്സലന്‍ വാതുശ്ശേരി. നോവലിസ്റ്റ് സേതു തന്റെ എഴുത്തനുഭവം വായനക്കാരുമായി പങ്കുവച്ചു. എസ് എന്‍ പബ്ലിക് ലൈബ്രറി ചെയര്‍മാന്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, രാജേഷ് തെക്കിനിയേടത്ത്, ജോസ് മഞ്ഞില, കെ.മായ തുടങ്ങിയവര്‍ സംസാരിച്ചു.