പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു

535

ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു. മിഷന്‍ ആശുപത്രിക്ക് സമീപം പി.ഡബ്ല്യൂ.ഡി. നടത്തിവന്ന നിര്‍മ്മാണപ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തൊമ്മാന പാടത്തിന്റെ ഇരു വശത്തും ഇരുമ്പ് തകിട് ഉപയോഗിച്ച് സംരക്ഷണ വേലി സ്ഥാപിക്കുന്നത്. നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളാണ് തൊമ്മാന പാടത്തേക്ക് മറിഞ്ഞിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡിനിരുവശത്തും സംരക്ഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റോഡരുകില്‍ ബലമേറിയ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച് സംരക്ഷണ വേലി നിര്‍മ്മിക്കാന്‍ പി.ഡബ്ല്യൂ.ഡി. നടപടി ആരംഭിച്ചിരിക്കുന്നത്. അതേസമയം പ്രളയാനന്തരം ബലക്ഷയം മൂലം റോഡിന്റെ കരിങ്കല്‍ക്കെട്ട് ഇടിയുന്ന വല്ലക്കുന്ന് ഇറക്കത്തിനും തൊമ്മാന ജംഗ്ഷനും ഇടയിലുള്ള പാടത്ത് ഇടതുവശത്ത് സംരക്ഷണ വേലി വേണമെന്ന് ആവശ്യമുയര്‍ന്നീട്ടുണ്ട്. ഇവിടെ 15 അടിയോളം താഴ്ചയുണ്ട്. ഈ ഭാഗത്ത് വലതുഭാഗത്ത് സംരക്ഷണ വേലി സ്ഥാപിച്ചീട്ടുണ്ടെങ്കിലും എതിര്‍വശത്ത് ഇത് പൂര്‍ണ്ണമായും ഇല്ല. മാത്രമല്ല, നടപ്പാത പോലും ഇല്ലാത്ത ഈ ഭാഗത്ത് റോഡിനോട് കുറ്റിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ കരിങ്കല്‍ ഭിത്തി തകര്‍ന്ന് നില്‍ക്കുന്നത് ആരും ശ്രദ്ധിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ എത്രയും വേഗം ഈ ഭാഗത്തും കുറ്റിച്ചെടികള്‍ നീക്കി സംരക്ഷണ വേലി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement