ഉടമസ്ഥന്‍ ഉപേക്ഷിച്ച നായ നരക വേദനയുമായി തെരുവില്‍ ;മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി ഒരു മിണ്ടാപ്രാണികൂടി

1063

ദേഹമാസകലം മാരകമായി പരിക്കേറ്റ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌ക്കൂള്‍ പരിസരത്ത് കാണപ്പെട്ട നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകനും മുനിസിപ്പല്‍ കൗണ്‍സിലറുമായ സന്തോഷ് ബോബന്റെയും ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ബാബുരാജിന്റെയും നേതൃത്വത്തില്‍ ചികിത്സിച്ച് വരുന്നു. 5 ദിവസം മുമ്പാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ വെള്ള നിറത്തിലുള്ള ലാബ്രഡോഗ് ഇനത്തില്‍പെട്ട നായയെ ആരോ കൊണ്ട് കളഞ്ഞിട്ട് പോയത്. ക്ഷീണിതനായ നായയ്ക്ക് നാട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി കെട്ടിയിട്ടെങ്കിലും നായ അഴിഞ്ഞ് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് നടുംപുറത്ത് ഉദ്ദേശം 10 ഇഞ്ചോളം നീളം വരുന്ന മാരക മുറിവുകളോടെ നായ സ്‌ക്കൂളിന് എതിര്‍വശത്തുള്ള റോഡ്‌സൈഡില്‍ മുറിവില്‍ പുഴുവരിച്ച് അവശനിലയില്‍ കാണപ്പെട്ടത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും വെറ്ററിനറി ഡോക്ടര്‍മാരും നായയെ മയക്കിക്കിടത്തി ചികിത്സ തുടങ്ങി. ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി പരിശീലനത്തിനെത്തിയ ഡോ. ലക്ഷ്മി, ഡോ.ശില്‍പ, ഡോ.അഞ്ജന, ഡോ.നവ്യ എന്നിവര്‍ ഡോ. ബാബുരാജിനോടൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു.

 

Advertisement