കേരള ചര്‍ച്ച് ബില്‍ – 2019′ ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളി : ഇരിങ്ങാലക്കുട രൂപത

466

ഇരിങ്ങാലക്കുട : കേരള നിയമ പരിഷ്‌കരണ കമ്മിഷന്‍ പുറത്തിറക്കിയ ‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ – 2019’ ക്രൈസ്തവ സഭകള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഒരു തരത്തിലും പക്ഷപാതപരമായ ഈ ബില്‍ അംഗീകരിക്കാനാകില്ലെന്നും അതിനാല്‍, വിശ്വാസിസമൂഹത്തിന് അസ്വീകാര്യമാണെന്നും ഇരിങ്ങാലക്കുട രൂപത. രൂപതാ ഭവനത്തില്‍ നടന്ന അടിയന്തിര യോഗത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സഭയുടെ ഭരണസംവിധാനങ്ങളില്‍ കൈക്കടത്താന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വര വാദികള്‍ക്കും വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും അവസരം കൊടുക്കില്ലെന്നും പൂര്‍വികരുടെ രക്തവും വിയര്‍പ്പും അധ്വാനവും വഴി കെട്ടിപ്പടുത്ത ഇടവകകളെയും സ്ഥാപനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാന്‍ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ചര്‍ച്ച് ആക്ടിന്റെ കരടു ബില്‍ തള്ളിക്കളയുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. തൃശൂര്‍ അതിരൂപതാംഗവും എകെസിസി പ്രസിഡന്റുമായ അഡ്വ. ബിജു കുണ്ടുകുളം ‘ചര്‍ച്ച് ബില്‍ -2019: പ്രത്യാഘാതങ്ങളും സഭാവിരുദ്ധതയും’ എന്ന വിഷയത്തില്‍  ക്ലാസ് നയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നിരത്തിക്കൊണ്ട് സമീപ ഭാവിയില്‍ സഭയെ ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ  ഭാഗമാണ് ചര്‍ച്ച് ബില്ലെന്നും തര്‍ക്കങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച് സഭയെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഡ്വ. ബിജു പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കേന്ദ്രസമിതി ഭാരവാഹികള്‍, കൈക്കാരന്മാര്‍, യുവജന സംഘടനാ പ്രതിനിധികള്‍, ഏകോപന സമിതി അംഗങ്ങള്‍, വൈദിക-സന്യസ്ത പ്രതിനിധികള്‍ എന്നിവരടങ്ങിയ പ്രത്യേക സമ്മേളനത്തില്‍ ഒരു തരത്തിലും ഈ ബില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലായെന്നും വേണ്ടിവന്നാല്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും രണ്ടായിരം വര്‍ഷം പഴക്കമുള്ള സഭയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍  ആരെയും അനുവദിച്ചുകൂടായെന്നും സദസ് ഒന്നടങ്കം ഏകസ്വരത്തില്‍ പറഞ്ഞു. ഫെബ്രുവരി 14 ന് കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ഇന്ത്യന്‍ ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് 40 ദീപങ്ങള്‍ തെളിയിക്കുകയും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ജവാന്മാരെ ആദരിച്ചുകൊണ്ട് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമ്മേളനാന്തരം രൂപതാ ഭവനത്തിന്റെ മുന്‍പില്‍ എല്ലാവരും അണിനിരന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  അറുനൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത അടിയന്തിര സമ്മേളനത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ദീപക് ജോസഫ് ആട്ടോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement