ഇടതു സര്‍ക്കാരിനെതിരെ ഇരിങ്ങാലക്കുട രൂപത പ്രക്ഷോഭത്തിലേക്ക്

2304

ഇരിങ്ങാലക്കുട : ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാനെന്ന വ്യാജേന ക്രൈസ്തവ സമൂഹത്തിന്റെ ഭരണസംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേരള സര്‍ക്കാരിന്റെ പുതിയ ശ്രമം. ‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിട്ട്യൂഷന്‍സ് ബില്‍ – 2019’ എന്നാണ് പുതിയ ക്രൈസ്തവ വിരുദ്ധ നിയമ നിര്‍മ്മാണ സംവിധാനത്തിന്റെ പേര്.
ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ സ്വത്തവകാശങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഭാനിയമങ്ങളും സംവിധാനങ്ങളും ഒപ്പം രാജ്യത്തിന്റെ നിയമങ്ങളും നിലവിലിരിക്കെ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരും പറഞ്ഞ് സഭയെ അവഹേളിക്കാനും സഭാവിരുദ്ധരെയും നിരീശ്വരവാദികളെയും രാഷ്ട്രീയക്കാരെയും സഭയുടെ ഭരണ സംവിധാനങ്ങളിലേക്ക് പിന്‍വാതിലിലൂടെ കടത്താനും അവസരം നല്‍കുന്ന ചര്‍ച്ച് ബില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടം.
2009 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച ‘കേരള ക്രിസ്റ്റ്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ 2009’ നെ പൊടിതട്ടി പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള കുത്സിത ശ്രമമാണ് ചര്‍ച്ച് ബില്‍ 2019 എന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. രൂപതാഭവനത്തില്‍ ചേര്‍ന്ന പ്രത്യേക ആലോചനാ സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നപരിഹാരങ്ങള്‍ക്കായി ട്രൈബ്യൂണല്‍ സ്ഥാപിച്ച് രാഷ്ട്രീയക്കാരെയും നിരീശ്വരവാദികളെയും അക്രൈസ്തവരെയും സഭയുടെ ഭരണ സംവിധാനത്തിലേക്ക് കൊണ്ടുവരാനും അങ്ങനെ മതവിശ്വാസമില്ലാത്ത ഒരു സംസ്ഥാനത്തെ സൃഷ്ടിക്കാനും വിശ്വാസി സമൂഹത്തില്‍ അന്തഃഛിദ്രവും ഭിന്നതയും ഉണ്ടാക്കാനും ഉള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്ന് വിശ്വാസി സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഇരിങ്ങാലക്കുട രൂപത ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള വിശ്വാസികളെ ഈ ദിവസങ്ങളില്‍ വിളിച്ചു കൂട്ടുമെന്ന് വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കര അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രസ്ബിറ്ററി കൗണ്‍സിലിലും വെള്ളിയാഴ്ച നടക്കുന്ന രൂപതയിലെ വൈദികരുടെ അടിയന്തിര സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍, ഏകോപനസമിതി, കേന്ദ്രസമിതി, കൈക്കാരന്മാര്‍, യുവജന പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലും സഭയെ അവഹേളിക്കുന്ന പുതിയ ബില്ലിനെപ്പറ്റി ഗൗരവമായി പഠനവും ചര്‍ച്ചയും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികളും വിവിധ ഇടവകകളില്‍ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുന്നതാണ്.
ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത നിയമ നിര്‍മാണത്തിന് കേരള സംസ്ഥാനം ഭരിക്കുന്ന നേതാക്കന്മാര്‍ മുതിരുന്നത് സംശയത്തിന് ഇടംകൊടുക്കുന്നുണ്ട്. പ്രളയകാലത്തും പ്രളയാനന്തരവും സമൂഹത്തിലെ മനുഷ്യര്‍ക്ക് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ ചെയ്തു കൊടുത്ത സഭയെ അവഹേളിക്കാനും ഒറ്റപ്പെടുത്താനും തകര്‍ക്കാനും ആരും വ്യാമോഹിക്കേണ്ടയെന്നും ഭരണഘടന നല്‍കുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും സഭാസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിരീശ്വരവാദികള്‍ക്ക് അവസരം കൊടുക്കില്ലെന്നും രൂപതയിലെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായിനിന്ന് അനീതിക്കെതിരെ പോരാടുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

 

Advertisement