ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി.ദേവസ്വത്തിന്റെ കഴിഞ്ഞ ഭരണ സമിതി ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയിരുന്നത് സൊസൈറ്റിയില്‍ നിന്നായിരുന്നെന്നും ആയിനത്തില്‍ 25 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നുമാണ് സോഷ്യല്‍ വെല്‍വഫയര്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എം.എസ് അനില്‍കുമാര്‍,സെക്രട്ടറി കെ.ജി പ്രദീപ്,ഡയറക്ടര്‍ ബിജു യോഹന്നാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വന്നതിനു ശേഷം പലവ്യജ്ഞനങ്ങള്‍ വാങ്ങുന്നത് കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമാണെന്നും ISW സൊസൈറ്റിക്ക് നല്‍കാനുള്ളത് ചോദിച്ചപ്പോള്‍ നിക്ഷേധാത്മക നിലപാടെടുത്തെന്നും പറയുന്നു.ഈ ഇടപാട് സംബന്ധിച്ച് പൊതുജനസമക്ഷം സുതാര്യമായി കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് ദേവസ്വം തയ്യാറാണെന്നും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഒരുക്കി ദേവസ്വത്തിന്റെ നിലപാട് പത്രസമ്മേളനം വിളിച്ച് വഴിയെ പൊതുജനത്തെ ബോദ്ധ്യപ്പെടുത്തുന്നതാണെന്നും ദേവസ്വം ചെയര്‍മാന്‍
യു. പ്രദീപ് മേനോന്‍ അറിയിച്ചു.സൊസൈറ്റിക്ക് നല്‍കിയതും നല്‍കാനുള്ളതും സംബന്ധിച്ച് വിശദീകരണം അവശ്യപ്പെട്ട് കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ വ്യക്തത വരുത്താതെ ദേവസ്വത്തെ അധിക്ഷേപിക്കുന്ന നിലപാട് എടുത്തത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.