ഇരിങ്ങാലക്കുട- കളിമണ്ണിന്റെ ലഭ്യതയും മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാരും കുറഞ്ഞതോടെ നിത്യവ്യത്തിക്ക് മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പരമ്പരാഗത മണ്‍ചട്ടി നിര്‍മ്മാണ തൊഴിലാളികള്‍. ഇരിങ്ങാലക്കുടയിലും മാപ്രാണത്തും കരുവന്നൂരുമൊക്കെയായി നിരവധി കുടുംബങ്ങള്‍ പരമ്പരാഗതമായി ഈ തൊഴിലെടുത്ത് ജീവിക്കുന്നുണ്ടെങ്കിലും അവരുടെ കുടുംബങ്ങളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. പലരും ഈ തൊഴിലുപേക്ഷിച്ച് ജീവിക്കാന്‍ മറ്റ് തൊഴിലെടുക്കാന്‍ തുടങ്ങി. ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവരാകട്ടെ മണ്‍ചട്ടികള്‍ തേടി ആവശ്യക്കാര്‍ വരുന്നതും നോക്കി കാത്തിരിക്കേണ്ട അവസ്ഥയിലുമാണ്. പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന തങ്ങളുടെ തൊഴിലിനേറ്റ വലിയൊരു ആഘാതമായിരുന്നു പ്രളയമെന്ന് മാപ്രാണം മാടായിക്കോണത്ത് ഇപ്പോഴും മണ്‍ചട്ടികള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന അമയംപറമ്പില്‍ ചന്ദ്രന്‍, സഹോദരന്‍ അനിയന്‍ എന്നിവര്‍ പറഞ്ഞു. തങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള പണിശാലയിലാണ് ഇരുവരും കുടുംബത്തോടൊപ്പം പാത്രങ്ങളുണ്ടാക്കിയിരുന്നത്. ഒരു പണിശാലയില്‍ ചക്രവും കളിമണ്ണ് പാകപ്പെടുത്താനുള്ള സ്ഥലവും മറ്റൊന്നില്‍ ചൂളയും. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ പണിശാലകള്‍ നിശബ്ദമാണ്. പ്രളയത്തിന് ശേഷം കളിമണ്ണ് കിട്ടാതായത് തങ്ങളുടെ ജീവിതത്തേയും തൊഴിലിനേയും കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയതായി ചന്ദ്രന്‍ പറഞ്ഞു. ഒരുകാലത്ത് മണ്‍ചട്ടി നിര്‍മ്മാണം വലിയതോതില്‍ നടന്നിരുന്നതായി ചന്ദ്രന്‍ ഓര്‍മ്മിച്ചു. പല സ്ഥലങ്ങളിലേക്കും ലോഡുകണക്കിന് മണ്‍ചട്ടികള്‍ കയറ്റി പോയിരുന്നു. പക്ഷെ പിന്നീട് കളിമണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടായി. മാത്രമല്ല, പാലക്കാടുനിന്നും തമിഴ്നാട്ടില്‍ നിന്നുമെല്ലാം വ്യാപകമായി മണ്‍പാത്രങ്ങള്‍ വിപണിയിലെത്തിയതോടെ ആവശ്യക്കാര്‍ കുറഞ്ഞു. ഇപ്പോള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉണ്ടാക്കികൊടുക്കും. അമ്പലങ്ങളിലേക്കും മരണാനന്തര ചടങ്ങുകള്‍ക്കും ആവശ്യമായ കലശകുടങ്ങള്‍ക്കുമാണ് ഇന്ന് ആവശ്യക്കാര്‍ കൂടുതല്‍. അത് ഓര്‍ഡറനുസരിച്ച് നിര്‍മ്മിച്ചുനല്‍കും. ചെടിച്ചട്ടിയും മീന്‍ ചട്ടികളും കഷായംകലങ്ങളും പൊങ്കാല കലങ്ങളുമെല്ലാം ഇതുപോലെ. ഇരിങ്ങാലക്കുട ഭാഗത്ത് കളിമണ്ണ് കിട്ടാനില്ലാത്തതിനാല്‍ പുതുക്കാട്, ആമ്പല്ലൂര്‍ ഭാഗങ്ങളിലെ ഓട്ടുകമ്പനികളില്‍ നിന്നും വലിയ വിലകൊടുത്ത് വാങ്ങി കൊണ്ടുവന്നുവേണം പാത്രങ്ങളുണ്ടാക്കാന്‍. ഓരോ പാത്രം ചുട്ടെടുക്കുന്നതിന് വലിയൊരു അദ്ധ്വാനം വേണം. ചക്രത്തില്‍ വെച്ച് പാത്രങ്ങളുണ്ടാക്കി ചൂളയില്‍ വെച്ച് 15, 20 ദിവസം ബുദ്ധിമുട്ടിയാണ് കലങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത്. ചൂളയില്‍ പാത്രങ്ങള്‍ വെന്തെടുക്കാന്‍ ആവശ്യത്തിന് വിറകും വൈക്കോലും ചകിരിയും വേണം. ഇവയെല്ലാം വലിയ വിലകൊടുത്തുവാങ്ങണം. അത്യാവശ്യം ഓര്‍ഡര്‍ ഇല്ലാതെ ഇവ ഉണ്ടാക്കിയാല്‍ കൂടുതല്‍ നഷ്ടത്തിലാകുമെന്നും ചന്ദ്രന്‍ പറഞ്ഞു. മക്കള്‍ മറ്റ് കൂലിവേലയ്ക്ക് പോകുന്നതുകൊണ്ടാണ് തങ്ങളിന്ന് പട്ടിണി കിടക്കാതിരിക്കുന്നതെന്നും 70 പിന്നിട്ട ചന്ദ്രന്‍ വ്യക്തമാക്കി.