റോഡരികിലെ കാടു വെട്ടിത്തെളിച്ച് റെസി. അസോസിയേഷന്‍ മാതൃകയായി

505

ഇരിങ്ങാലക്കുട: കാടുപിടിച്ചു കിടന്നിരുന്ന റോഡുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ നഗരസഭ തയ്യാറാകാത്തതിനെ തുടര്‍ന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തിറങ്ങി.കണ്‌ഠേശ്വരം, കൊരുമ്പിശ്ശേരി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പുല്ലും, ചെടികളും ക്രമാതീതമായി വളര്‍ന്ന് കാടു പിടിച്ച നിലയിലായിരുന്നു. പാമ്പ്, കുറുക്കന്‍, ഉടുമ്പ് തുടങ്ങിയവയുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയതിനെ തുടര്‍ന്ന് വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. അവരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാകാത്തതിന്റെ വെളിച്ചത്തിലാണ് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ നേരിട്ട് റോഡ് വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയത്. നാട്ടുകാര്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി വിശേഷമായിരുന്നു ഇവിടെ സംജാതമായിരുന്നത്. തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ പെട്ട നഗരസഭയിലെ 29, 30 വാര്‍ഡുകളിലെ റോഡുകളാണ് അസോസിയേഷന്‍ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.പ്രസിഡണ്ട് വിങ്ങ് കമാണ്ടര്‍ (റിട്ട) ടി എം രാംദാസ്, സെക്രട്ടറി എ സി സുരേഷ്, പോളി മാന്ത്ര, ടി കെ സുകുമാരന്‍, രമാഭായി, ബിന്ദു ജിനന്‍, വനജ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement