ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ചുള്ള കുലവാഴ അലങ്കാരവും പൂജവെയ്പും ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിലാണ് പൂജവെയ്പ്.
ആറാട്ടുപുഴ, പനങ്കുളം, പല്ലിശ്ശേരി, മുളങ്ങ് തുടങ്ങിയ ദേശങ്ങളില്‍ നിന്നും പുരാണഗ്രന്ഥങ്ങളടക്കമുള്ള പുസ്തകങ്ങള്‍ ഭക്തര്‍ സരസ്വതീപൂജക്കായി സരസ്വതീമണ്ഡപത്തില്‍ സമര്‍പ്പിച്ചു.ആറാട്ടുപുഴയിലും സമീപ ദേശങ്ങളിലെയും ഭക്തര്‍ ശാസ്താവിന് സമര്‍പ്പിച്ച ഇരുന്നൂറോളം കാഴ്ചക്കുലകള്‍ സരസ്വതി മണ്ഡപത്തിലും ശാസ്താവിന്റെ തിരുനടയില്‍ ഇരുവശങ്ങളിലുമായി അലങ്കരിച്ചിട്ടുണ്ട് . നേദ്യ കദളി, വടക്കന്‍ കദളി, ഞാലിപൂവന്‍, നെടുനേന്ത്രന്‍ തുടങ്ങി വിവിധയിനത്തില്‍പ്പെട്ട ഇരുന്നൂറോളം കാഴ്ചക്കുലകളാണ് പുഷ്പാലങ്കാരത്തിന്റെ അകമ്പടിയോടെ വിതാനിച്ച് അലങ്കരിച്ചിട്ടുളളത്.ദുര്‍ഗ്ഗാഷ്ടമി ദിവസമായ 17 ന് വൈകീട്ട് സരസ്വതീ പൂജക്കുശേഷം 6.30 ന് പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്ര0 മാതൃസമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ് ഉണ്ടാകും.മഹാനവമി ദിനത്തിലും വിജയദശമി ദിനത്തിലും രാവിലെ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ശ്രീ ശാസ്താ സന്നിധിയില്‍ അരങ്ങേറും.