ഇരിങ്ങാലക്കുടയില്‍ പ്രളയദുരിതത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നത് മൂവായിരത്തിലധികം പേര്‍

3450

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കട്ട് ദുരിതത്തിലായത് മൂവായിരത്തോളം പേരാണ്.എഴുപതോളം ക്യാമ്പുകളാണ് താലൂക്കില്‍ ആരംഭിച്ചിരിക്കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ എത്തിയത് പടിയൂര്‍ മേഖയിലാണ്.പഞ്ചായത്തില്‍ 8 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത് ഇതില്‍ എച്ച് ഡി പി സമാജം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ എത്തിയിട്ടുണ്ട്.കാക്കത്തിരുത്തി എസ് എന്‍ യു പി എസ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് വെള്ളക്കെട്ടിനെ തുടര്‍ന്ന് എച്ച് ഡി പി യിലേയ്ക്ക് മാറ്റി.പൂമംഗലം ,കാറളം,മൂര്‍ക്കനാട്,പുല്ലൂര്‍,കാട്ടൂര്‍ എന്നിവിടങ്ങളിലും ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.മാപ്രാണം കുഴിക്കാട്ടുകോണത്ത് വെള്ളക്കെട്ടുമൂലം രൂക്ഷമായ അവസ്ഥയാണ് . ഇത്തിക്കുളത്തെ മുപ്പതോളം കുടുംബങ്ങള്‍ പൂര്‍ണമായും ഇന്നത്തെ രാത്രിയോട് കൂടി ഒറ്റപ്പെടും .പല വീടുകളിലും വെള്ളം കയറി തുടങ്ങി,നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നടവരമ്പ് വൈക്കര ചാമകുന്ന് ഭാഗത്ത് പതിനാലോളം വീട്ടുകാര്‍ വെള്ളത്തിലായി.വെള്ളാംകല്ലൂര്‍ പഞ്ചായത്തില്‍ പാലേരി റോഡും നീലംകുളം റോഡും വെള്ളത്തില്‍ മുങ്ങി.ഇരുപതോളം വീടുകള്‍ ഒറ്റപ്പെട്ടു.നീലംകുളം ഭാഗത്ത് നാലും പാലേരിഭാഗത്ത് പതിനാറും വീടുകളാണ് ഒറ്റപ്പെട്ടത്.നീലംകുളം ഭാഗത്ത് പതിനഞ്ചോളം വീട്ടുകാര്‍ റോഡ് വെളളത്തില്‍ മുങ്ങിയതോടെ ഒറ്റപ്പെട്ടു. കാലവര്‍ഷം തുടങ്ങിയതിനുശേഷം രണ്ടാംതവണയാണ് റോഡ് വെള്ളത്തില്‍ മുങ്ങി പ്രദേശവാസികള്‍ ഒറ്റപ്പെടുന്നത്.വേളൂക്കര,വെള്ളാംകല്ലൂര്‍ പഞ്ചായത്തതിര്‍ത്തിയില്‍ കണ്ണോളിച്ചിറ പെരുംതോട് കവിഞ്ഞൊഴുകി റോഡ് വെള്ളത്തില്‍ മുങ്ങി പതിനാലോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു.പലയിടത്തും വീടുകള്‍ തകര്‍ന്ന് വീണിട്ടുണ്ട്.

Advertisement