ഇരിങ്ങാലക്കുട : നഗരത്തിന്റെ വികസന സ്വപ്‌നത്തിന്റെ ഏറ്റവും കാതലായ റോഡ് നിര്‍മ്മാണമായ ബൈപ്പാസ് റോഡ് കാട്ടൂര്‍ റോഡില്‍ ചേരുന്ന ഭാഗത്തുള്ള കുപ്പികഴുത്ത് ഒഴിവാക്കുന്നതിനായി സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം.ഏറെ വിവാദമായ റോഡ് നിര്‍മ്മാണത്തിലെ അവസാനഘട്ടത്തിലാണ് സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാതെ നിര്‍മ്മാണത്തിനായി കൗണ്‍സില്‍ അറിയാതെ പെര്‍മിറ്റ് സംബദ്ധിച്ച് നിര്‍മ്മാണം ആരംഭിച്ചത്.ഹൈകോടതിയില്‍ അത് സംബദ്ധിച്ച് കേസ് നടക്കുന്നുണ്ട്.മീഡിയേറ്ററുമായി സ്റ്റിയറിംങ്ങ് കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ രണ്ടര മീറ്റര്‍ സ്ഥലം വിട്ടുനല്‍കാന്‍ സ്ഥലമുടമ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.തുടര്‍ന്നാണ് ശനിയാഴ്ച്ച അടിയന്തിര കൗണ്‍സില്‍ യോഗം ഈ വിഷയത്തിന് മാത്രമായി ചേര്‍ന്നത്.അക്വയര്‍ ചെയ്ത് ഏറ്റെടുക്കേണ്ട നാലര മീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ ആകെയുള്ള അഞ്ച് സെന്റ് ഭൂമി മെത്തമായി നഗരസഭ ഏറ്റെടുക്കേണ്ട അവസ്ഥവരുമെന്നും അത് നഗരസഭയ്ക്ക് അധിക ബാദ്ധ്യത ഉണ്ടാക്കുമെന്നും ഇതിനായി കോടികള്‍ ചിലവഴിക്കുന്നത് നഗരസഭയുടെ മറ്റ് പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ ഫണ്ട് തികയാതെ വരുമെന്നും അതിനാല്‍ വിട്ട് തരാമെന്ന് അറിയിച്ച രണ്ടര മീറ്റര്‍ ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം മുന്‍ നിശ്ചയിച്ചപ്രകാരം 14 മീറ്ററില്‍ തന്നെ പൂര്‍ത്തികരിക്കുന്നതിനായി എതിര്‍വശത്ത് സ്ഥലം വിട്ട് തരാനുള്ള മറ്റൊരു വ്യക്തിയുടെ സ്ഥലത്ത് നിന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി പരിശ്രമിക്കാമെന്നും യുഡിഎഫിന് വേണ്ടി വി സി വര്‍ഗ്ഗീസ് അറിയിച്ചു.എന്നാല്‍ വികസനം ഭാവി കൂടി ലക്ഷ്യം വെച്ചായിരിക്കണമെന്നും വിട്ടുനല്‍കേണ്ട നാലര മീറ്ററും അക്വയര്‍ ചെയ്ത് ഏറ്റെടുക്കണമെന്ന നിലപാടാണ് ഇടത്പക്ഷത്തിന് എന്ന് പി വി ശിവകുമാര്‍ അറിയിച്ചു.വാര്‍ഡുകളില്‍ ചിലവഴിക്കേണ്ട തുക കൂടി ഉള്‍പെടുത്തി സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അത്തരത്തില്‍ ചെയ്താല്‍ വാര്‍ഡുകളില്‍ മറ്റൊരു വികസന പ്രവര്‍ത്തനത്തിനും കഴിയാതെ വരുമെന്നും വിട്ട് തരാമെന്ന് സമ്മതിച്ച രണ്ടര മീറ്റര്‍ ഏറ്റെടുത്ത് പ്രശ്‌നം രമ്യതയില്‍ തീര്‍ക്കണമെന്ന് ബി ജെ പി യ്ക്ക് വേണ്ടി സന്തോഷ് ബോബന്‍ അറിയിച്ചു.തുടര്‍ന്ന് കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനമായി ഇടത്പക്ഷത്തിന്റെ വിയോജിപ്പോടെ കുപ്പികഴുത്തിലെ വിവാദ ഭൂമിയില്‍ നിന്നും രണ്ടര മീറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു കൗണ്‍സിനെ അറിയിച്ചു.
ബൈപ്പാസ് കുപ്പികഴുത്തിലെ സ്വകാര്യ വ്യക്തിയുമായുള്ള സ്ഥലതര്‍ക്കം സമവായത്തിലെത്തുവാന്‍ കൗണ്‍സില്‍ തീരുമാനം
Advertisement