2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം പുനരാരംഭിക്കുന്നു

735

ഇരിങ്ങാലക്കുട: 2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം കര്‍ഷകമുന്നേറ്റം പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ സമരത്തിന്റെ ഫലമായി 2008 ല്‍കേരള നിയമസഭ അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇപ്പോഴത്തെ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കു വേണ്ടി അട്ടിമറിച്ചതിനാലും മറ്റു വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലാകലങ്ങളില്‍ സര്‍ക്കാര്‍ വാക്കു പാലിക്കാത്തതിനാലുമാണ് സമരം പുനരാരംഭിക്കുന്നത്. സമരസംബ്ന്ധമായ കൂടുതല്‍ നിശ്ചയങ്ങള്‍ക്കും പ്രഖ്യാപനത്തിനും വേണ്ടി സംസ്ഥാനതല സമരസദസ്സ 2018 ജൂലൈ 28,29 തിയ്യതികളില്‍ മുരിയാട് കായല്‍ മേഖലയില്‍ നടക്കുന്നതാണ്. കേരളത്തിലെ കാര്‍ഷിക-പരിസ്ഥിതി-ജനകീയസമരമേഖലകളിലെ സംഘടനകളും സമരത്തെ പിന്തുണച്ച രാഷ്ട്രീയകക്ഷികളും ഇതര ജനനായകന്‍മാരും സമരസദസ്സില്‍ പങ്കാളികളാകും. കര്‍ഷകമുന്നേറ്റം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ കേരളത്തില്‍ ശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യാതൊരുവിധ നാശവും വരുത്താന്‍ ആര്‍ക്കും കഴിയാത്ത വിധം നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുക, ഏതെങ്കിലും പൊതുആവശ്യത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മാത്രം നെല്‍വയല്‍രൂപമാറ്റം വരുത്തേണ്ടിവന്നാല്‍ വനസംരക്ഷണ നിയമവ്യവസ്ഥ പോലെ നഷ്ടപ്പെടുന്ന കൃഷിഭൂമിക്ക് പകരം കൃഷിഭൂമി പുതുയതായി കണ്ടെത്തണം, വനസംരക്ഷണ സേനയുടെ മാതൃകയില്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാന്‍ പ്രത്യേക സേനക്ക് രൂപം നല്‍കണം, മുഴുവന്‍ ഭക്ഷ്യവിള കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കണം, വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങള്‍ കൂടിയായതിനാല്‍ നെല്‍വയലുകളില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ വില കണക്കാക്കി ഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കണം, കൃഷിഭൂമിയുടെ ഉടമസ്ഥത കര്‍ഷകര്‍ക്ക് മാത്രമെന്ന നിയമം മൂലംവ്യവസ്ഥചെയ്യണം, കോള്‍മേഖലയിലെ കൃഷികൂടുതല്‍ പ്രയാസമുള്ളതായതിനാല്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് നെല്ലിന് അധികവില ലഭ്യമാക്കണം, കോള്‍മേഖലയുടെ പാരസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇവിടത്തെ കൃഷിയലില്‍ രാസകീടനാശിനി പ്രയോഗം കര്‍ശനമായി നിരോധിക്കണം, കോള്‍ വികസനത്തിനായി അനുവദിച്ച 429 കോടി രൂപയുടെ പ്രത്യേക കോള്‍ വികസനപദ്ധതിയിലെ എല്ലാ ധനവിനിയോഗവും അന്വേഷണവിധേയമാക്കണം, കാര്‍ഷികമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളും, ഇതര സര്‍ക്കാര്‍ വകുപ്പുകളും ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം, കരകൗശല-കൈക്കൊഴില്‍-മണ്‍പാത്ര നിര്‍മ്മാതാക്കള്‍ക്ക ആവശ്യമായ കളിമണ്ണ് സര്‍ക്കാര്‍ ലഭ്യമാക്കണം, മുരിയാട് കായല്‍ മേഖലയില്‍ കര്‍ഷകര്‍സഹകരണ സംഘ രൂപീകരണത്തിനായി ചിലര്‍ കര്‍ഷകരില്‍ നിന്നും പണം പിരിച്ചതിന്റെ വസ്തുതയും ടി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വര്‍ഗ്ഗീസ് തൊടുപറമ്പില്‍, കെ.എ.കുഞ്ഞന്‍, പി.സി.ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement