കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

1458

ഇരിങ്ങാലക്കുട: കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി എക്സൈസ് സംഘം പിടികൂടി. തുറവ് കണ്ണംപുത്തൂര്‍ ദേശത്ത് പുനത്തൂക്കാടന്‍ വീട്ടില്‍ രഞ്ജിത്ത് (32), ചെങ്ങാലൂര്‍ ശാന്തിനഗറില്‍ മോളേക്കൂടി വീട്ടില്‍ കിളി എന്ന് വിളിക്കുന്ന ബിനീഷ് (28)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബിനീഷില്‍ നിന്നും 50 ഗ്രാമും രഞ്ജിത്തില്‍ നിന്നും നൂറുഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് സംഘങ്ങളിലായിട്ടാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പുതുക്കാട് എന്‍.എച്ച്. 47ല്‍ മെഫെയര്‍ ഹോട്ടലിന് സമീപം 50 ഗ്രാം ചെറുപൊതികളിലാക്കി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് രഞ്ജിത്തിനെ ഇരിങ്ങാലക്കുട എക്സൈസ് സി.ഐ. രാജീവ് ബി. നായരും സംഘവും പിടികൂടിയത്. ഇയാള്‍ നിരവധി കേസിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, എന്‍.യു. ശിവന്‍, നിധീഷ് മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പളനിയില്‍ നിന്നും കഞ്ചാവ് വാങ്ങികൊണ്ടുവന്ന് ചെറുപൊതികളിലാക്കി ബാര്‍ പരിസരങ്ങളില്‍ വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ചെങ്ങാലൂര്‍ പമ്പിന് സമീപം കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന ബിനീഷിനെ ഇരിങ്ങാലക്കുട എക്സൈസ് സി.ഐ. ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മറും സംഘവും പിടികൂടിയത്. ചെറുപൊതികളിലാക്കി ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന നൂറുഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. മൊത്തകച്ചവടക്കാര്‍ പളനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ശ്യംഗലയില്‍പ്പെട്ട പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഇഷ്ടക്കാരനാണ് ഇയാള്‍.പുതുക്കാട് പോലിസ് സ്റ്റേഷനിലെ പെട്രോള്‍ പമ്പ് ആക്രമണകേസില്‍ പ്രതിയായിട്ടുണ്ടെന്നും പറയുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.യു. ശിവന്‍, എം.ഒ. ബെന്നി, എം.വി. നിതീഷ് മുരളി, ടി.എസ്.ജിജുകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisement