ചേലൂര്‍: ചേലൂര്‍ ബ്രഹ്മകുളം അമേരിക്കക്കെട്ട് റോഡിലാണ് പുതുക്കി പണിത ശേഷം കാനകീറല്‍ നടത്തുന്നത്. വീടുപണി കഴിഞ്ഞുള്ള തറകെട്ടല്‍ എന്നാണ് ഇതിനെതിരെയുള്ള ജനങ്ങളുടെ ആക്ഷേപം. കാന കീറലിന്റെ ഭാഗമായി റോഡ് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇത് ചോദ്യം ചെയ്ത ജനങ്ങള്‍ക്ക് കാന വൃത്തിയാക്കുകയാണ് എന്നാണ് മറുപടി ലഭിച്ചത്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ മാസം എന്തിനാണ് റോഡ് ടാറിങ് നടത്തിയത് എന്ന് ചോദിച്ചപ്പോള്‍ ടാറിങ് കഴിഞ്ഞ വര്‍ഷത്തെ പ്രൊജക്ട് ആണെന്നും കാന വൃത്തിയാക്കല്‍ ഈ വര്‍ഷത്തെ പ്രൊജക്ട് ആണെന്നുമാണ് കോണ്‍ട്രാക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍ വീണ്ടും റോഡ് ടാറിങ് നടത്തി കിട്ടുമോ എന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ഇല്ല എന്ന മറുപടിയാണ് കോണ്‍ട്രാക്ടറില്‍ നിന്നും ലഭിച്ചത്. റോഡ് വീണ്ടും ടാറിങ് നടത്തിയില്ലെങ്കില്‍ കടുത്ത വേനലിലേക്കടുത്ത ഈ സമയത്ത് സമീപ പ്രദേശങ്ങളില്‍ പൊടിശല്യം രൂക്ഷമാകും. മഴയെത്തുമ്പോഴേക്കും വീണ്ടും കുഴികള്‍ രൂപപ്പെടുകയും റോഡ് ആകെ ചളി നിറഞ്ഞ അവസ്ഥയിലുമാകും. അപകടസാധ്യതയും കൂടും. മാത്രമല്ല ഈ പ്രദേശത്തെ സുഗമമായ ഗതാഗതത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രൊജക്ടുകള്‍ക്കെതിരെ സമീപവാസികള്‍ രോഷാകുലരാണ്.
പുതുക്കി പണിത റോഡിലെ കാന കീറല്‍: വീടു പണി കഴിഞ്ഞുള്ള തറകെട്ടല്‍ പോലെ എന്ന് ജനം
Advertisement