കഞ്ചാവ്; മൂന്ന് പേര്‍ അറസ്റ്റില്‍

446
ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍ (19), കാറളം കിഴുത്താണി പുറത്തുവീട്ടില്‍ വിഷ്ണു(19), ചിറയ്ക്കല്‍ സ്വദേശി പാറോക്കാരന്‍ വീട്ടില്‍ സിയോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ പരിസരത്തുനിന്നുമാണ് പ്രതികളെ വിദ്യാര്‍ത്ഥികള്‍ക്ക് പാക്കറ്റിന് 700 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ പോലിസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 42 പായ്ക്കറ്റ് കഞ്ചാവാണ് ലഭിച്ചത്. തമിഴ്നാട്ടിലെ സേലത്തുനിന്നും ആഡംബര കാറില്‍ കഞ്ചാവ് കടത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്താനായി ഉപയോഗിച്ച ആഡംബര കാറും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കഞ്ചാവ് ഒളുപ്പിച്ചിരുന്നത്. മയക്കമരുന്ന് വില്‍പ്പനക്കാരെ കുറിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെമസ് വര്‍ഗ്ഗീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ 25ന് സമാനരീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗം തടയുന്നതിനായി ഇരിങ്ങാലക്കുട എസ്.ഐയുടെ നേതൃത്വത്തില്‍ സേ നോ ഡ്രഗ്സ് പദ്ധതി ആവിഷ്‌ക്കരിച്ച് വിദ്യാലയങ്ങള്‍ തോറും കാമ്പെയിന്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും ചെയ്തുവരുന്നുണ്ട്. ലഹരി വില്‍പ്പനക്കാരെ കുറിച്ചോ, ഉപയോഗിക്കുന്നവരെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലിസിനെ വിവരമറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. ഇതോടെ അടുത്തിടെ കഞ്ചാവ് വില്‍പ്പന നടത്തിയ 25ഓളം പേരെ ഇരിങ്ങാലക്കുട പോലിസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ ഒന്നാം പ്രതി പ്രവീണ്‍ കൊരട്ടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മുരിങ്ങൂര്‍ എന്ന സ്ഥലത്ത് വെച്ച് രാത്രി വ്യാപാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ ജലിലില്‍ നിന്നും ജാമ്യത്തിന് ഇറങ്ങിയ ആളാണ്. ഇയാള്‍ക്കെതിരെ ചാലക്കുടി, വലപ്പാട്, കാട്ടൂര്‍ എന്നി സ്റ്റേഷനുകളില്‍ 14ലധികം ക്രിമിനല്‍ കേസുകളും രണ്ടാം പ്രതി വിഷ്ണുവിന് വലപ്പാട് സ്റ്റേഷനില്‍ റോബറി കേസുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളും ഉണ്ട്. അന്വേഷണ സംഘത്തില്‍ ട്രാഫിക് എസ്.ഐ തോമസ് വടക്കന്‍, സീനിയര്‍ സീ.പി.ഒ അനീഷ് കുമാര്‍, സി.പി.ഒമാരായ രാഗേഷ്, രാജേഷ്, വൈശാഖ്, അനൂപ് ലാലന്‍, വനിത സി.പി.ഒ ഡാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Advertisement