അഖിലകേരള വടംവലി മത്സരം നടന്നു

445

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രല്‍ കെ.സി.വൈ.എം. മുനിസിപ്പല്‍ മൈതാനിയില്‍ വച്ച് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ജനമൈത്രി പോലീസും നഗരസഭ കൗണ്‍സിലര്‍മാരും തമ്മില്‍ നടന്ന സൗഹൃദ വടംവലിയില്‍ ജനമൈത്രി പോലീസ് വിജയിച്ചു. ജനമൈത്രി പോലീസിന്റെ കൈക്കരുത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ തന്ത്രങ്ങള്‍ വിജയിച്ചില്ല. കൗണ്‍സിലില്‍ പരസ്പരം ഏറ്റുമുട്ടുന്ന ഭരണപക്ഷവും പ്രതിപക്ഷവും ജനമൈത്രി പോലീസിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നിച്ചു നിന്നെങ്കിലും കയ്യും മെയ്യും മറന്നുള്ള വടംവലിയില്‍ പോലീസ് കൈക്കരുത്തിനെ തോല്‍പ്പിക്കാനായില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന്റെയും മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരിയുടെയും നേതൃത്വത്തില്‍  വനിത കൗണ്‍സിലര്‍മാരും എസ്.ഐ. ഉഷയുടെയും അപര്‍ണ്ണ ലവകുമാറിന്റെയും നേതൃത്വത്തില്‍ വനിതാ പോലീസും നടന്ന ശക്തമായ മത്സരത്തിലും, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീറിന്റെയും പ്രതിപക്ഷ നേതാവ് ശിവകുമാറിന്റെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും എസ്.ഐ. കെ.എസ്. സുശാന്തിന്റെയും ട്രാഫിക് എസ്.ഐ. തോമസ് വടക്കന്റെയും നേതൃത്വത്തില്‍ നടന്ന പുരുഷ വിഭാഗം മത്സരത്തിലും ജനമൈത്രി പോലീസ് ഇരട്ടവിജയം കരസ്ഥമാക്കി. വടംവലി മത്സരം രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. വര്‍ഗ്ഗീസ്, എസ്.ഐ. സുശാന്ത് കെ.എസ്., കെ.സി.വൈ.എം.പ്രസിഡന്റ് ധനുസ് നെടുമറ്റത്തില്‍, സെക്രട്ടറി ജിഫിന്‍ എപ്പറമ്പന്‍, കോ- ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കണ്‍വീനര്‍മാരായ തോബിയാസ് സൈമണ്‍, ഡേവിസ് ജൈസണ്‍, എബ്രഹാം പഞ്ഞിക്കാരന്‍, വത്സ ജോണ്‍ കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു. അഖില കേരള വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ 20000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും ആഹാ ഫ്രണ്ട്‌സ് എടപ്പാളും, രണ്ടാം സമ്മാനമായ 15000 രൂപയും ട്രോഫിയും ന്യൂ സെവന്‍സ് കാട്ടൂരും, 3-ാം സമ്മാനമായ 10000 രൂപയും ട്രോഫിയും വാരിയേഴ്‌സ് വട്ടപ്പാറയും, 4-ാം സമ്മാനമായ 8000 രൂപയും ട്രോഫിയും കിംഗ്‌സ് പറവൂരും നേടി. കെ.സി.വൈ.എം.വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.ടിനോ മേച്ചേരി സമ്മാനദാനം നിര്‍വ്വഹിച്ചു.

Advertisement