ഇരിങ്ങാലക്കുട : ചക്കയുടെ അനന്ത സാധ്യതകള്‍ അനാവരണം ചെയ്ത് നൂറുക്കണക്കിന് ആളുകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള വാതായനങ്ങള്‍തുറന്നിടുകയാണ് വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല വേദിയില്‍ പത്മിനി വയനാട്, ചക്കലഡു, ചക്കഉണ്ണിയപ്പം, ചക്കബജി, ചക്കപൊരി, ചക്കക്കുരുഅവലോസ്, ചക്കപക്കുവട, ചക്കപായസം, ചക്കചപ്പാത്തി, ചക്കകഡ്‌ലറ്റ്, ചക്കചിപ്പ്‌സ്, ചക്കബിരിയാണി തുടങ്ങിയ നൂറില്‍പരം വിഭവങ്ങള്‍ ഉണ്ടാക്കി. പറമ്പില്‍ പാഴാക്കുന്ന ചക്കയെ എങ്ങനെ പണം കായ്ക്കുന്ന മരം ആക്കാം എന്ന് പത്മിനി വയനാട് തെളിയിച്ച് കൊണ്ടീരിക്കുകയാണ്. ക്ലാസ്സെടുക്കുക മാത്രമല്ല, തത്സമയം വിവിധ ഇനങ്ങള്‍ ഉണ്ടാക്കി കാണിച്ചുകൊടുത്തുകൊണ്ടാണ് പത്മിനി വയനാട് ചക്കയിലും പൊന്ന് വിളയിക്കാം എന്ന് തെളിയിക്കുന്നത്. അതോടൊപ്പം ഉണക്കി വില്‍ക്കുന്ന ചക്കചുള ഒരു കിലോക്ക് 500 രൂപവെച്ച് കൃഷിവകുപ്പ് വാങ്ങും എന്നുള്ള പുത്തന്‍ അറിവുകള്‍ പങ്കുവെച്ചു കൊണ്ടാണ് പത്മിനിയുടെ ചക്കമാഹാത്മന്യം മുന്നേറികൊണ്ടീരിക്കുന്നത്. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചക്കുല്‍പന്ന നിര്‍മ്മാണ പരിശീലനത്തില്‍ നൂറുക്കണക്കിന് ആളുകളാണ് ക്ലാസ്സ് കേള്‍ക്കാനും ഉണ്ടാക്കുന്നത് കാണാനും രുചിനോക്കുന്നതിനുമായി എത്തി ചേരുന്നവര്‍ ആവേശത്തോടുകൂടിയാണ് തിരിച്ച് പോകുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന ചക്ക മാഹാത്മ്യം മുന്‍സിപ്പല്‍ വൈസ്.ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായരും, പന്ത്രണ്ടുമണിക്ക് നടന്ന ചക്കപുരാണം മുരിയട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമനും, ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നടന്ന ചക്കയും മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളും പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിസ്ഥിതി പാര്‍ലമെന്റ് ശില്‍പശാല രാജീവ് മുല്ലപ്പിള്ളിയും, കുട്ടികളുടെ കഥചര്‍ച്ച ബാലകൃഷ്ണന്‍ അഞ്ചത്തും ഉദ്ഘാടനം ചെയ്തു.
Advertisement