17

നാലുവർഷ ബിരുദം: തൃശൂർ ജില്ലാതല
ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം

നാലുവർഷ ബിരുദം: തൃശൂർ ജില്ലാതല
ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായുള്ള നാലുവർഷ ബിരുദ ഓറിയന്റേഷൻ ക്ലാസുകൾക്ക് തൃശൂർ ജില്ലാതലത്തിൽ തുടക്കമായി. ലോകവ്യാപകമായി സർവ്വകലാശാലകൾ തുടരുന്ന അന്താരാഷ്ട്ര സംവിധാനത്തിലേക്ക് കേരളവും ജൂലൈ ഒന്ന് മുതൽ പ്രവേശിക്കുകയാണെന്ന് തൃശൂർ ജില്ലാതല ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്ധമായ അനുവർത്തനമല്ല കേരളത്തിൽ നാലുവർഷ ബിരുദപരിപാടിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. നമ്മുടെ സാംസ്‌കാരിക-സാമൂഹിക സാഹചര്യങ്ങളും മതനിരപേക്ഷ അടിത്തറയും കണക്കിലെടുത്തുള്ള മാറ്റങ്ങളോടെയാണ് കേരളത്തിലെ കലാലയങ്ങളിൽ പുതിയ ബിരുദ സംവിധാനം നടപ്പാക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ . രാജൻ വറുഗീസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാലാ മുൻ രജിസ്ട്രാർ ഡോ. സി. എൽ. ജോഷി, കോളേജ് പ്രിൻസിപ്പൽ റെവ. സി. ബ്ലെസി, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ബിനു ടി വി എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. കെ സുധീന്ദ്രൻ ക്ലാസെടുത്തു. തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി എഴുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഘടനാമാറ്റങ്ങൾ കൊണ്ടുവരുന്ന നാലുവർഷ ബിരുദ പദ്ധതിയെക്കുറിച്ച് പ്ലസ്‌ടു പൂർത്തിയാക്കി ബിരുദപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതലറിയാൻ അവസരമൊരുക്കിക്കൊണ്ടാണ് വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്.

Advertisement